ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു ; പുതിയ പ്രധാനമന്ത്രിയെ ഉടൻ പ്രഖ്യാപിക്കും
ലണ്ടൻ: ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. വിവാദങ്ങളിൽ കുടുങ്ങിയ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നിന്ന് നിരവധി അംഗങ്ങൾ രാജിവെച്ചതോടെയാണ് ജോൺസൺന്റെ രാജിയിലേക്ക് കാര്യങ്ങൾ എത്തിയത്.
കൺസർവേറ്റീസ് പാർട്ടി നേതൃസ്ഥാനവും ബോറിസ് ജോൺസൺ രാജിവെച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ ബോറിസ് ജോൺസൺ കാവൽ പ്രധാനമന്ത്രിയായി തുടരും,
‘പാർട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോൺസനെതിരെ സ്വന്തം പാളയത്തിൽ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാർട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോൺസനെതിരേ വൻ എതിർപ്പുകളാണ് ഉയർത്തിവിട്ടത്. തുടർന്ന് പാർട്ടിനേതാവ് സ്ഥാനത്ത് ജോൺസൻ തുടരണമോ എന്നതിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
പാർലമെന്റിൽ 359 എം.പി.മാരാണ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. അതിൽ 54 എം.പി.മാർ ജോൺസനെതിരേ വിശ്വാസവോട്ടിനു കത്തുനൽകിയതോടെ ബോറിസ് ജോൺസൺ പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ ബോറിസ് ജോൺസണായിരുന്നു വിജയം. 211 എംപിമാർ ജോൺസണെ പിന്തുണച്ചു. 148 പേരാണ് എതിർത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാൻ 180 വോട്ടായിരുന്നു ആവശ്യം.
ഈ വിവാദങ്ങളുടെ അലയൊലി അടങ്ങുന്നതിന് പിന്നാലെയാണ് ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫർ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചത്. ഇതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. ഇക്കാര്യത്തിൽ ബോറിസ് ജോൺസൻ മാപ്പുപറഞ്ഞതിനു പിന്നാലെയാണ് മന്ത്രിസഭയിൽനിന്ന് കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. മന്ത്രിമാരെക്കൂടാതെ സർക്കാരുമായി ചേർന്ന് പ്രവർത്തിച്ച മുപ്പതോളംപേർ ഇതിനോടകം രാജിവെച്ചിട്ടുണ്ട്. പിഞ്ചർ കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.