September 11, 2024

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണ കേസ്: ജാമ്യം ലഭിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വന്‍ വരവേല്‍പ്പ്

1 min read
Share

കല്‍പ്പറ്റ: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസില്‍ റിമാന്റിലായിരുന്ന 29 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലിന് പുറത്ത് പ്രതികള്‍ക്ക് ഗംഭീര വരവേല്‍പ്പ്. എസ്‌എഫ്‌ഐ – സിപിഎം പ്രവര്‍ത്തകരാണ് ദിവസങ്ങളായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്ക് സ്വീകരണം നല്‍കി. മുദ്രാവാക്യം മുഴക്കിയും ചുവപ്പും വെള്ളയും നിറത്തിലുള്ള റിബണുകള്‍ കൊണ്ടുള്ള മാല കഴുത്തില്‍ അണിയിച്ചുമാണ് ഇവരെ വരവേറ്റത്.

കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയല്‍ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവര്‍ത്തകരും അടക്കം 29 പേരാണ് ജൂണ്‍ 26 ന് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്.

സംഭവം വിവാദമായതോടെ എസ് എഫ് ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചു വിട്ടിരുന്നു. പകരം ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. താത്കാലിക നടത്തിപ്പിനായി ഏഴ് പേരടങ്ങിയ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടില്‍ കര്‍ശന നടപടിക്ക് തീരുമാനിച്ചത്. ദേശീയ തലത്തില്‍ വരെ വിവാദമായ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് സിപിഎം നേതൃത്വം എസ് എഫ് ഐയോട് ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധി എം പിയുടെ വയനാട് കല്‍പറ്റയിലെ ഓഫീസ് ആക്രമണക്കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കിയാണ് എസ് പിയുടെ റിപ്പോര്‍ട്ട്. ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ് എഫ് ഐ പ്രവര്‍ത്തകരല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോര്‍ട്ട് തയാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയില്‍ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എം പി ഓഫിസിലെ എസ് എഫ് ഐ ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം എസ് എഫ് ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചു എന്നായിരുന്നു ഉയര്‍ന്ന ആരോപണം. പൊലീസിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണ മുനയിലായി. എന്നാല്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ സമയത്തെ പൊലീസുദ്യോഗസ്ഥരും നേതാക്കളും തമ്മില്‍ എംപി ഓഫീസിനകത്ത് വെച്ച്‌ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ് റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതൃത്വം അവിശ്വാസം ഉന്നയിച്ചു.

എം പി ഓഫിസ് ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവിടെ ഉണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ദൃശ്യങ്ങളും ആണ് പ്രധാന തെളിവായിരിക്കുന്നത്. സമരത്തിന് ശേഷം 25 എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമ്ബോള്‍ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫര്‍ 3.59ന് പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരല്‍ തന്നെ ഉണ്ട്. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫര്‍ തിരികെ എത്തുന്നത് 4.30 ന് ആണ്. ആ സമയം ഓഫീസിനുള്ളില്‍ കോണ്‍ഗ്രസ് , യു ഡി എഫ് പ്രവര്‍ത്തകര്‍ മാത്രമാണുള്ളത്. ഈ സമയത്ത് പകര്‍ത്തിയ ഫോട്ടോയില്‍ ഓഫിസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്ന് പൊലീസ് റിപ്പോര്‍ട്ട് പറയുന്നു.

എം പി യുടെ ഓഫീസ് ആക്രമണം നടന്ന ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഓഫിസിന് അകത്ത് എത്തുമ്ബോഴാണ് ഗാന്ധി ചിത്രവും എസ് എഫ് ഐക്കാര്‍ തകര്‍ത്തെന്ന ആരോപണം ഉന് നയിക്കുന്നത്. നിലത്ത് കടന്ന ഗാന്ധി ചിത്രം ചൂണ്ടിക്കാട്ടി ആയിരുന്നു ആരോപണം. ഓഫീസ് ആക്രമണത്തിനൊപ്പം ഈ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ബി ജെ പിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത സി പി എം, എസ് എഫ് ഐക്കാരെക്കൊണ്ട് രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിക്കുകയാണെന്നും അതിന്‍റെ തെളിവാണ് ഗാന്ധി ചിത്രം പോലും തകര്‍ത്തതെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രധാന ആരോപണം. ഗാന്ധി ചിത്രം നശിപ്പിച്ചത് എസ് എഫ് ഐ പ്രവര്‍ത്തരല്ലെന്ന് ചില മാധ്യമ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി. സി പി എം ആദ്യം മുതല്‍ പ്രതിരോധം ശക്തമാക്കിയിരുന്നു. മുതിര്‍ന്ന സി പി എം നേതാക്കളടക്കം ഇക്കാര്യം പലവട്ടം ആവര്‍ത്തിക്കുന്നുമുണ്ടായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.