മരുന്നിനൊപ്പം വാങ്ങിയ ലോട്ടറി അദ്ഭുതമരുന്നായി ; കോറോത്തെ നിര്‍ധന ഗോത്ര കുടുംബത്തിന് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം
മാനന്തവാടി : പത്തുപേരടങ്ങുന്ന ഗോത്രകുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ മാറ്റുന്ന അദ്ഭുതമരുന്നായി ഇത്തവണത്തെ നിര്‍മ്മല്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം. കോറോം മൊട്ടമ്മല്‍ ഗോത്രവര്‍ഗ കോളനിയിലെ നിര്‍ധന കുടുംബത്തിലേക്കാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ഇത്തവണയെത്തുക.
ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിയുന്ന പത്തംഗ കുടുംബത്തിന് വന്‍ ആശ്വാസമാണ് ഒന്നാം സമ്മാനമടിച്ച ലോട്ടറി പകരുന്നത്. കോളനിയിലെ അതിരംപാറ ചന്ദ്രന്റെ മകന്‍ സുനീഷ് ആണ് ഭാഗ്യം കുടുംബത്തിലേക്കെത്തിച്ചത്. അസുഖബാധിതനായ അച്ഛന്‍ ചന്ദ്രന് മരുന്നു വാങ്ങാന്‍ ജൂണ്‍ 30 ന് മാനന്തവാടിയില്‍ പോയപ്പോള്‍ സുനീഷ് വാങ്ങിയ ലോട്ടറി, കുടുംബത്തിന്റെ പ്രാരാബ്ധങ്ങളാകെ മാറ്റുന്ന അദ്ഭുതമരുന്നായി മാറുകയായിരുന്നു.
കൂലിപ്പണിക്കാരനായ സുനീഷ് ഇടയ്ക്കിടെ ലോട്ടറി എടുക്കാറുണ്ട്. അന്ന് മരുന്നുവാങ്ങിയതിന്റെ ബാക്കി തുകയ്ക്കും സുനീഷ് നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒരു ടിക്കറ്റ് വാങ്ങുകയായിരുന്നു. കഴിഞ്ഞ ഒന്നിന് െവെകീട്ട് മാതൃസഹോദരിയുടെ മക്കളായ കണ്ണനും വിജീഷുമൊത്താണ് പരിശോധനാ ഫലം പത്രത്തില്‍ നോക്കിയത്. ചെറിയതുകയുടെ സമ്മാനങ്ങളൊന്നും ഇല്ലെന്ന് വ്യക്തമായതോടെ അലസമായി ഒന്നാം സമ്മാനമായ 70 ലക്ഷത്തിന്റെ നമ്ബര്‍ ഒത്തുനോക്കിയ ഇവര്‍ ഒരു ഞെട്ടലോടെയാണ് ഭാഗ്യം കടാക്ഷിച്ചത് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് വീട്ടിലെത്തി ഭാര്യയോടും അച്ഛന്‍ ചന്ദ്രനോടും അമ്മയോടും വിവരം പറഞ്ഞു. സമ്മാനാര്‍ഹരാണെന്ന് വിശ്വസിക്കാനാകാതെ ചന്ദ്രന്‍ ടിക്കറ്റ് ഭദ്രമായി ഒരു കവറിലിട്ട ശേഷം, എന്തുചെയ്യണമെന്നറിയാതെ രണ്ടുദിവസം വീട്ടില്‍ തന്നെ സൂക്ഷിച്ചു. ഭയവും അമ്ബരപ്പും കൊണ്ട് മറ്റാരോടും വിവരം പറഞ്ഞതുമില്ല. രണ്ടുദിവസത്തിന് ശേഷം അയല്‍വാസിയുടെ സഹായത്തോടെ കോറോം കനറാ ബാങ്കിലെത്തി ബാങ്ക് മാനേജര്‍ ജോയിയെ ടിക്കറ്റ് ഏല്‍പ്പിക്കുകയായിരുന്നു.
അതിരംപാറയില്‍ താമസിച്ചിരുന്ന ചന്ദ്രനും കുടുംബത്തിനും പഞ്ചായത്തില്‍നിന്നു പാസായ വീടിന്റെ പണി തുടങ്ങിയിട്ട് മൂന്നു വര്‍ഷമായെങ്കിലും പൂര്‍ത്തിയാക്കിയില്ല. നിര്‍മാണം മുടക്കിയ കരാറുകാരനെതിരേ മൂന്നു തവണ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. നിര്‍മാണത്തിലിരുന്ന വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് കുടുംബം താമസിച്ചിരുന്നത്. എന്നാല്‍ ഷെഡും ചോര്‍ന്നൊലിച്ചതോടെ കുടുംബവീടായ മൊട്ടമ്മല്‍ കോളനിയിലേക്ക് താമസം മാറുകയായിരുന്നു.
സുമേഷ്, സുസ്മിത, സുനീഷ്, വിസ്മയ, തുടങ്ങി മക്കളും ഭാര്യ മോളിയും അമ്മയും രണ്ടു ഭാര്യാസഹോദരിമാരും ഉള്‍പ്പെടെ 10 പേരാണ് ഈ കൊച്ചുവീട്ടില്‍ കഴിയുന്നത്. സമ്മാനം കിട്ടുന്ന തുകകൊണ്ട് കയറിക്കിടക്കാന്‍ ചോരാത്ത ഒരു വീടും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവുമാണ് ഇവരുടെ ആഗ്രഹം. മരുന്നിനൊപ്പമെത്തിയ ലോട്ടറി തങ്ങളുടെ പ്രാരാബ്ധങ്ങളൊഴിച്ച് ആഗ്രഹങ്ങള്‍ നിറവേറ്റുന്ന അദ്ഭുതമരുന്നായതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.