വടക്കനാട് വീണ്ടും വീടിനുനേരെ കാട്ടാനയുടെ ആക്രമണം ; തെങ്ങ് കുത്തിമറിച്ചിട്ടു : വീടിന്റെ സൺഷേഡും മേൽക്കൂരയിലെ ഷീറ്റുകളും തകർന്നു
1 min readബത്തേരി: വടക്കനാട് വീണ്ടും വീടിനുനേരെ കാട്ടാനയുടെ ആക്രമണം. വടക്കനാട് കരിപ്പൂരിലാണ് കഴിഞ്ഞദിവസം രാത്രി തടത്തിക്കുന്നേൽ വിനോദിന്റെ വീടിനു മുകളിലേക്ക് കാട്ടാന തെങ്ങ് കുത്തിമറിച്ചിട്ടത്. വീടിന്റെ സൺഷേഡും മേൽക്കൂരയിലെ ഷീറ്റുകളും തകർന്നിട്ടുണ്ട്. സംഭവസമയത്ത് വിനോദും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. വീടിന് സമീപത്തെ മറ്റ് രണ്ടുതെങ്ങുകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർക്കു നേരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. കാട്ടാനശല്യത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ വനംവകുപ്പിനുനേരെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിനോദിന്റെ കായ്ഫലമുള്ള ഏഴുതെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച പണയമ്പത്തും വീടിനുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. പണയമ്പംകുന്ന് കുഞ്ഞുലക്ഷ്മിയുടെ വീടിനുമുകളിലേക്ക് കാട്ടാന കവുങ്ങ് കുത്തിമറിച്ചിടുകയായിരുന്നു. ഓടുമേഞ്ഞ മേൽക്കൂര ഭാഗികമായി തകർന്നു.
ഏതാനുംദിവസംമുമ്പ് പ്രദേശവാസിയായ ശ്രീനിലം ദാമോദരന്റെ വീടിനുമുകളിലും ഇത്തരത്തിൽ കാട്ടാന കവുങ്ങ് മറിച്ചിട്ടിരുന്നു. ഈ രണ്ടുസംഭവങ്ങളിലും വീട്ടുകാർ ഭാഗ്യംകൊണ്ടുമാത്രമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
വടക്കനാട്, വള്ളുവാടി, പള്ളിവയൽ, കരിപ്പൂർ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാണ്. സന്ധ്യയോടെ കാടിറങ്ങിയെത്തുന്ന കാട്ടാനകൾ കൃഷിയിടങ്ങളിലും റോഡുകളിലും വീട്ടുപരിസരങ്ങളിലും സ്വൈരവിഹാരം നടത്തുകയാണ്. കാട്ടാനകൾ കൃഷിനാശം വരുത്തുന്നതിനുപുറമേ വീടുകൾക്കുനേരെക്കൂടി തിരിഞ്ഞതോടെ നാട്ടുകാരെല്ലാം ഭീതിയിലാണ്. നേരമിരുട്ടിയാൽ വീടിനു പുറത്തേക്കിറങ്ങാൻപോലും ഭയമാണെല്ലാവർക്കും. കാട്ടാനയിറങ്ങുന്ന വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചാലും പ്രയോജനമില്ലെന്നാണ് പരാതി.