ഈ വെള്ളക്കെട്ടിന് നടുവിൽ എങ്ങനെ പനമരം പോലീസ് സ്റ്റേഷൻ പ്രവർത്തിക്കും
എഴുത്ത് : റസാഖ് സി. പച്ചിലക്കാട്
പനമരം : മൂന്നു വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന പനമരം പോലീസ് സ്റ്റേഷൻ കെട്ടിടം വെള്ളക്കെട്ടിന് നടുവിൽ. ചുറ്റുഭാഗവും വെള്ളക്കെട്ട് നിറഞ്ഞ് ചെളിക്കുളമായ ഇവിടെ എങ്ങനെ പോലീസ് സ്റ്റേഷൻ സുഗമമായി പ്രവർത്തിക്കുമെന്നാണ് നാട്ടുകാർ ഒന്നടങ്കം ചോദിക്കുന്നത്.
തളം കെട്ടി നിൽക്കുന്ന മലിനജലം ഒഴിവാക്കാതെ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചാൽ, ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷന് ഇരട്ട പ്രഹരമാകുമെന്നത് തീർച്ചയാണ്. പുഴയോരത്തായി വെള്ളം കയറുന്നിടത്ത് കെട്ടിടം ഒരുക്കുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കിയതാണ്. ഈ എതിർപ്പെല്ലാം അവഗണിച്ചായിരുന്നു വയലിൽ മണ്ണിട്ട് ഉയർത്തി നിർമാണം ആരംഭിച്ചത്. ഇപ്പോൾ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികളെല്ലാം കഴിഞ്ഞെങ്കിലും ചുറ്റിലും വെള്ളമാണ്. തളംകെട്ടി നിൽക്കുന്ന ഈ ചെളിവെള്ളം ഒഴുക്കിവിടാൻ സംവിധാനങ്ങളൊന്നും ഇതുവരെ ഒരുക്കിയിട്ടില്ല. കഴിഞ്ഞ മാസാന്ത്യത്തിലോ, ഈ മാസാരംഭത്തിലോ ഉദ്ഘാടനം നടത്തുമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല.
പനമരം നിർമിതി വയലിൽ 2019 ൽ നിർമാണം ആരംഭിച്ചെങ്കിലും കഴിഞ്ഞ മാസമാണ് കെട്ടിടത്തിന്റെ പണികൾ പൂർത്തീകരിച്ചത്. അഭ്യന്തര വകുപ്പിൽ നിന്നും ഉണ്ടായ സാങ്കേതിക തടസ്സങ്ങളാണ് ഇത്തരത്തിൽ നിർമാണം വൈകാൻ ഇടയാക്കിയതെന്ന ആക്ഷേപവും ഉണ്ട്. ആധുനിക സൗകര്യങ്ങളോടെ മൂന്നു നിലയിലുള്ള പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുന്നതോടെ പനമരത്തെ നിയമപാലകരുടെ ദീർഘനാളത്തെ ദുരിതയാദനകൾക്കാണ് അറുതിയാവുക.
ഒരു കോടി 56 ലക്ഷം രൂപയോളമാണ് പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിനായി വകയിരുത്തിയിരിക്കുന്നത്. 7500 ഓളം സ്ക്വയർ ഫീറ്റിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടത്തിൽ 29 മുറികളുണ്ട്. മൂന്ന് ലോക്കപ്പും ഇതിൽപ്പെടും. മണ്ണിട്ട് നികത്തിയ ഇടത്ത് പ്രളയത്തെ അതിജീവിക്കാൻ തൂണുകൾ സ്ഥാപിച്ച് ഏഴടിയോളം ഉയർത്തിയാണ് കെട്ടിടം നിർമിച്ചത്. കെട്ടിട നിർമാണം ഇഴഞ്ഞു നീങ്ങിയത് ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. പന്ത്രണ്ട് വർഷത്തോളമായി വാടക കെട്ടിടത്തിലാണ് പനമരം പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചു വരുന്നത്. പുതിയ കെട്ടിട സൗകര്യങ്ങൾ ആയെങ്കിലും പനമരം പോലീസ് സ്റ്റേഷനിൽ ജീവനക്കാരുടെ കുറവുണ്ട്. ഇവ ഉദ്ഘാടനത്തിന് മുമ്പ് നികത്തണമെന്ന ആവശ്യം ശക്തമാണ്. ഗതാഗത പ്രശ്നം രൂക്ഷമായ ഇവിടെ ആകെ രണ്ട് ഹോം ഗാർഡാണ് സ്റ്റേഷനിലുള്ളത്. ഇനി നാലുപേരെ കൂടി നിയമിക്കേണ്ടതുണ്ട്. നാല് വനിത പോലീസിന്റെ കുറവും ഇവിടെ ഉണ്ട്. മൂന്നുപേരാണ് നിലവിൽ ഉള്ളത്. ഒരു ഹെഡ് കോൺസ്റ്റബിളിനെയും നിയമിക്കേണ്ടതുണ്ട്.
സ്റ്റേഷനിൽ കുടിവെള്ള സൗകര്യത്തിനായി കുഴൽ കിണർ ഒരുക്കുന്നതിനുള്ള നീക്കങ്ങൾ ഒന്നും ആയിട്ടില്ല. അതുപോലെ ചുറ്റുമതിൽ ഒരുക്കുന്നതിനുള്ള അംഗീകാരം ആയെങ്കിലും പ്രവൃത്തികൾ ഒന്നും ആരംഭിച്ചിട്ടില്ല. ഉയരത്തിലുള്ള കെട്ടിടമായതിനാൽ അംഗപരിമിതർക്കും വയോധികർക്കും പ്രയാസമില്ലാതെ കയറിയിറങ്ങാനുള്ള സംവിധാനം ഒരുരുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതും നടപ്പായില്ല.
ചിത്രം : വെള്ളക്കെട്ടിന് നടുവിൽ പനമരം പോലീസ് സ്റ്റേഷൻ