December 7, 2024

കോൺഗ്രസ് വെട്ടിൽ : വയനാട്ടിൽ ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ സംഭവസ്ഥലത്ത് നിന്ന് പോയ ശേഷമെന്ന് പൊലീസ്

Share

കൽപ്പറ്റ : രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ മഹാത്മ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ സംഭവ സ്ഥലത്ത് നിന്ന് പോയ ശേഷമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ചിത്രങ്ങള്‍ അടിസ്ഥാനമാക്കി എ.ഡി.ജി.പി മനോജ് എബ്രഹാം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴവെച്ച ശേഷവും ചുമരില്‍ ഗാന്ധിയുടെ ചിത്രം ഉണ്ടായിരുന്നുവെന്നും ചിത്രം ആദ്യം നിലത്ത് വീണത് കമിഴ്ന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.എഫ്‌.ഐ പ്രവര്‍ത്തകരുടെ അക്രമം നടക്കുമ്പോഴും പിന്നീട് ചില മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴും ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീടാണ് തറയില്‍ കിടക്കുന്ന നിലയില്‍ ചിത്രം കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.പിയെന്ന നിലയില്‍ കാര്യക്ഷമമായ ഇടപെടല്‍ രാഹുല്‍ഗാന്ധി നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്‍പറ്റ കൈനാട്ടിയിലെ ഓഫിസിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിച്ചത്. സംഭവത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ല പ്രസിഡന്‍റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മൂന്ന് വനിത പ്രവര്‍ത്തകര്‍ എന്നിവരടക്കം 29 പേര്‍ റിമാന്‍ഡിലാണ്.

എം.പിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമാവുകയായിരുന്നു. ഓഫിസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ വശങ്ങളിലൂടെ പിടിച്ചുകയറിയ ജനല്‍ വഴിയടക്കം അകത്തുകടന്നാണ് അക്രമം നടത്തിയത്.

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്ത സംഭവത്തില്‍ എസ്.എഫ്.ഐ വയനാട് ജില്ല കമ്മിറ്റിയെ ഇന്നലെ പിരിച്ചുവിട്ടിരുന്നു. സംരക്ഷിത വനമേഖലയുടെ ബഫര്‍ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാന്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ വ്യക്തമാക്കിയതും ആക്രമണത്തെ തള്ളിപ്പറഞ്ഞതും ജില്ല നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.

സംസ്ഥാന തേതൃത്വത്തെ അറിയിച്ചല്ല എസ്.എഫ്.ഐ ജില്ല കമ്മിറ്റി എം.പി ഓഫിസ് മാര്‍ച്ച്‌ സംഘടിപ്പിച്ചതെന്നാണ് സംസ്ഥാന ഭാരവാഹികള്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയത്. ജില്ലയിലെ പ്രവര്‍ത്തകരെയടക്കം ബാധിക്കുന്ന ബഫര്‍സോണ്‍ വിഷയത്തില്‍ എം.പി ഇടപെടാത്തത് സംബന്ധിച്ച പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വ്യക്തി കേന്ദ്രീകൃതമായ മാര്‍ച്ച്‌ നടത്തുക, ഓഫിസിനകത്തേക്ക് പോവുക തുടങ്ങിയ വിവരങ്ങള്‍ ജില്ല കമ്മിറ്റി അറിയിച്ചിരുന്നില്ലെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.