യുവാവിനെ തട്ടിക്കൊണ്ട് പോയ നാലംഗ സംഘം പിടിയിൽ
പടിഞ്ഞാറത്തറ : പന്തിപ്പൊയില്‍ സ്വദേശിയായ യുവാവ് സ്വര്‍ണ്ണം തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് യുവാവിന്റെ കൂട്ടുകാരനെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തിനെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് അടിവാരം തലക്കാട് വീട്ടില്‍ മുഹമ്മദ് ഷാഫി (32) , പൂനൂര്‍ പിലാത്തോട്ടത്തില്‍ മുനീര്‍ (40) താമരശ്ശേരി തിയ്യര്‍തൊടുക വീട്ടില്‍ ഫാസില്‍ അലി (28) എളേറ്റില്‍ ചീനംതാപൊയില്‍ വീട്ടില്‍ അലി (62) എന്നിവരെയാണ് സി.ഐ കെഎസ് ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
പന്തിപ്പൊയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോവുകയും, പിന്നീട് കാറില്‍ വെച്ചും , രഹസ്യ സ്ഥലങ്ങളിലെത്തിച്ചും യുവാവിനെ മര്‍ദിക്കുകയും, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കവര്‍ന്നെടുക്കുകയും ചെയ്തു.
തുടര്‍ന്ന് താമരശ്ശേരി ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതിനിടയില്‍ യുവാവ് സമീപത്തെ പള്ളിയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ പരാതി പ്രകാരം പടിഞ്ഞാറത്തറ പോലീസ് കേസെടുക്കുകയും, കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും, നമ്പര്‍ ട്രേസ് ചെയ്ത് ആര്‍.സി ഓണറേ കണ്ടെത്തി തന്ത്രപൂര്‍വം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്.ഐ മുരളീധരന്‍ , എസ്.സി.പി.ഒ ജംഷീര്‍, സിപിഒ നിസാബ് പാലക്കല്‍, ശ്രീജേഷ് , അനില്‍കുമാര്‍, സജീര്‍, സലാം,വിപിന്‍ , മുജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.