മുത്തശ്ശി പ്ലാവിന് മനുഷ്യചങ്ങലയൊരുക്കി കുന്താണി സ്കൂൾ
1 min read
സുൽത്താൻ ബത്തേരി:
മുത്തശ്ശി പ്ലാവിന് ചുറ്റും മനുഷ്യചങ്ങല തീർത്ത് കുന്താണി സ്കൂൾ വിദ്യാർത്ഥികൾ. മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതിലുപരി അവയുടെ പരിപാലനവും സംരക്ഷണവുമാണ് പ്രധാനമെന്ന സന്ദേശം പൊതുസമൂഹത്തിന് നൽകുന്നതായിരുന്നു വിദ്യാർത്ഥി മനുഷ്യചങ്ങല. മുത്തശ്ശിപ്ലാവിന് കൂട്ടൊരുക്കാം, പ്രകൃതിയെ സംരക്ഷിക്കാം എന്നെഴുതി കുട്ടികൾ തന്നെ തയ്യാറാക്കിയ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ചായിരുന്നു മനുഷ്യചങ്ങല തീർത്തത്.
1950-ൽ സ്കൂൾ സ്ഥാപിതമായ കാലം മുതൽ സ്കൂളിനൊപ്പം വളർന്നുവന്ന മുത്തശ്ശി പ്ലാവ് ഇന്നും സ്കൂൾ മുറ്റത്ത് ഗരിമയോടെ കുന്താണിയുടെ അടയാളമുഖമായി നിലകൊള്ളുന്നു. പ്ലാവിനു ചുറ്റും വിവിധ വർണ്ണങ്ങളിൽ തണലിരിപ്പിടമൊരുക്കിയും നെയിംടാഗ് തൂക്കിയും കൂടുതൽ ഭംഗിയോടെയും ആരോഗ്യത്തോടെയും മുത്തശ്ശിപ്ലാവിനെ സ്കൂൾ വിദ്യാർഥികൾ പരിപാലിക്കുന്നു.
ഹെഡ്മിസ്ട്രസ് പി.പി ഗീത ടീച്ചർ, അധ്യാപകരായ മുഹമ്മദ് സലാഹുദ്ദീൻ, മാണിക്കുഞ്ഞ് ഒ.പി, ബിന്ദു കെ. ജോസ്, സിസിലി കെ.കെ, സനിത ടി.സി, ശാലിനി എന്നിവർ നേതൃത്വം നൽകി.