സംരക്ഷിത വനമേഖലയുടെ 1 കിമീ ബഫര്‍സോണാക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി ; ആശങ്കയില്‍ ബത്തേരി : നൂൽപ്പുഴ, നെന്മേനി, പുല്‍പ്പള്ളി, പൂതാടി, മുള്ളന്‍കൊല്ലി, മീനങ്ങാടി പഞ്ചായത്തുകൾ ബഫർ സോൺ പരിധിയിൽ
1 min readബത്തേരി : രാജ്യത്ത സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവ് ജില്ലയെ ആശങ്കയിലാക്കി. ജില്ലയെ ആകെ ബാധിക്കുമെങ്കിലും വനത്തോട് ഏറ്റവും അടുത്തുകിടക്കുന്ന ബത്തേരി താലൂക്കിനെയാണ് കൂടുതല്‍ ബാധിക്കുക. ബത്തേരി നഗരസഭയും ആറ് പഞ്ചായത്തുകളും ഉത്തരവിന്റെ പരിധിയില്‍ വരും.
ബത്തേരി നഗരവും ചെറു ടൗണുകളും നിരവധി ഗ്രാമങ്ങളും വനത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ പോലും അകലെയല്ല. സുപ്രീംകോടതി നിര്‍ദേശം പാലിച്ചാല്‍ പരിസ്ഥിതി ലോലമേഖലയില്‍ സ്ഥിരം നിര്‍മാണങ്ങളും ഖനനവും വ്യവസായവും ഇല്ലാതാവും. പതിനായിരക്കണക്കിന് ജനങ്ങള്‍ വസിക്കുന്ന ഇത്തരം മേഖലയില്‍ വീടുനിര്‍മാണംപോലും തടയപ്പെടുമെന്ന ആശങ്കയുണ്ട്. കരിങ്കല്‍ ക്വാറി, ഹോട്ടല്‍, റസ്‌റ്റോറന്റ്, ഹെലിക്കോപ്‌റ്റര്‍ സര്‍വീസ്, ജലവൈദ്യുത പദ്ധതികള്‍, കനാലുകള്‍, 33 കെവിക്ക് മുകളിലുള്ള വൈദ്യുത ലൈനുകള്‍ അഞ്ച് മീറ്ററില്‍ കൂടുതല്‍ വീതിയുള്ള റോഡുകള്‍ എന്നിവയെല്ലാം നിര്‍മിക്കണമെങ്കില്‍ അതത് സംസ്ഥാനത്തെ മുഖ്യ വനപാലകന്റെ അനുമതി വാങ്ങണം. നദികളില്‍നിന്ന് മണലും കല്ലും ചരലും നീക്കുന്നതിനു പോലും പാരിസ്ഥിതിക അനുമതി മുന്‍കൂര്‍ വേണം. വന്യജീവി സങ്കേതത്തിന്റെ പരിധി ചെറുതായാല്‍ പോലും ഉത്തരവിലെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായിരിക്കും.
ബത്തേരി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വീടുകള്‍ ആശുപത്രികള്‍ എന്നിവയും ദേശീയപാതയും കെഎസ്‌ആര്‍ടിസി ജില്ലാ ഡിപ്പൊ, മിനി സിവില്‍ സ്‌റ്റേഷന്‍, അഗ്നിരക്ഷാ നിലയം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും വനത്തിന്റെ ഒരു കിലോ മീറ്റര്‍ വായുദൂരത്തിലാണ്. നഗരസഭയിലെ നിരവധി വാര്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. തമിഴ്‌നാടുമായും കര്‍ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന നൂല്‍പ്പുഴ പഞ്ചായത്തിലെ മുക്കാല്‍ ഭാഗം സ്ഥലവും ഉത്തരവിന്റെ പരിധിയില്‍ വരുന്നതാണ്. നെന്മേനി, പുല്‍പ്പള്ളി, പൂതാടി, മുള്ളന്‍കൊല്ലി, മീനങ്ങാടി പഞ്ചായത്തുകളും വനവുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ജില്ലയെ സാരമായി ബാധിക്കാവുന്ന നിര്‍ദേശങ്ങള്‍ പിന്‍വലിപ്പിക്കുന്നതിന് സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും നീതിന്യായ സ്ഥാപനങ്ങളുടെയും ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.