പുൽപ്പള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഘത്തിലെ പ്രധാന പ്രതി റിമാൻഡിൽ
1 min read
പുൽപ്പള്ളി : പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനംവകുപ്പുദ്യോഗസ്ഥരെ കബളിപ്പിച്ച സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം സ്വദേശി ദീപക് ചന്ദ് (37) ആണ് അറസ്റ്റിലായത്. സമാനകേസിൽ കൊട്ടാരക്കര ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പുൽപ്പള്ളിയിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂലായ് 25 മുതൽ 29 വരെയാണ് നാലംഗസംഘം വെട്ടത്തൂരിലെ വനംവകുപ്പ് വാച്ച് ടവറിൽ താമസിച്ചത്. പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥരെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും സംഘം ധരിപ്പിച്ചിരുന്നത്.
സംശയത്തെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസ്സിലായത്. പോലീസ് സ്ഥലത്തെത്തും മുമ്പേ സംഘം മുങ്ങിയിരുന്നു. സംഘത്തിന് ഭക്ഷണവും വാഹനസൗകര്യവുമെല്ലാം ഏർപ്പെടുത്തിയത് വനം വകുപ്പുദ്യോഗസ്ഥരായിരുന്നു. അമളി തിരിച്ചറിഞ്ഞതോടെ വനംവകുപ്പ് പോലീസിൽ പരാതി നൽകി. തട്ടിപ്പുസംഘത്തിലെ കൊല്ലം, തിരുവനന്തപുരം സ്വദേശികളായ കടയറ പുത്തൻവീട് രാജേഷ് (34), കോക്കോട്ട് വടക്കേതിൽ പ്രവീൺ (27) എന്നിവരെ പ്രത്യേക അന്വേഷണസംഘം നേരത്തേ അറസ്റ്റുചെയ്തിരുന്നു. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.