നിയന്ത്രണങ്ങൾക്ക് പുല്ലുവില ; കൂടൽക്കടവിൽ മീൻപിടിത്തം തകൃതി
പനമരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദേശം നിലനിൽക്കുമ്പോഴും കൂടൽക്കടവിൽ മീൻപിടിത്തം തകൃതി. കനത്ത മഴയെത്തുടർന്ന് ജലാശയങ്ങളിൽ പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും പുഴകളോ തോടുകളോ മുറിച്ച് കടക്കാനോ പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ലെന്നാണ് കളക്ടറുടെ നിർദേശം.
ഈ നിർദേശങ്ങളെല്ലാം പാടെ അവഗണിച്ച് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് കൂടൽക്കടവ് തടയണയിലും പരിസരത്തും മീൻപിടിക്കുന്നത്. തടയണയ്ക്കു മുകളിൽ മീൻപിടിത്തക്കാരുടെ നീണ്ട നിരയാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ചൂണ്ടയും കൊത്തുവലയും മറ്റും ഉപയോഗിച്ച് മീൻപിടിക്കാനായി ഇവിടേക്കെത്തുകയാണ്.
മതിയായ സുരക്ഷയില്ലാതെയുള്ള മീൻപിടിത്തം അപകടസാധ്യത ഉയർത്തുകയാണ്. അയൽജില്ലകളിലും ദൂരസ്ഥലങ്ങളിൽ നിന്നുള്ളവരും ഇവിടെ മീൻപിടിക്കാനെത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.