September 11, 2024

ചെതലയത്ത് കാറിലിരിക്കുകയായിരുന്ന രണ്ടു യുവാക്കളെ സാരമായി വെട്ടിപ്പരുക്കേൽപ്പിച്ചു ; 4 പേർ അറസ്റ്റിൽ

1 min read
Share

ബത്തേരി : ചെതലയം ആറാം മൈലിൽ കാറിലിരിക്കുകയായിരുന്ന രണ്ടു യുവാക്കളെ സാരമായി വെട്ടിപ്പരുക്കേൽപ്പിച്ച നാലുപേർ അറസ്റ്റിൽ. വെട്ടേറ്റ് ചികിത്സ തേടിയ ചെതലയം സ്വദേശികളായ സൂരജിന്റെയും അരുണിന്റെയും പരാതിയിലാണ് അറസ്റ്റ്. പുത്തൻകുന്ന് പാലപ്പെട്ടി സംജാദ് (27), നമ്പിക്കൊല്ലി നെന്മേനിക്കുന്ന് പരിവാരത്ത് രാഹുൽ (26), കൈപ്പ‍ഞ്ചേരി ആലഞ്ചേരി നൗഷാദ് (45), നൂൽപുഴ മുക്കുത്തിക്കുന്ന് തടത്തിച്ചാലിൽ തിഞ്ചു (27) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം. ചേനാട് ഹൈസ്കൂളിലെ പൂർവ വിദ്യാർഥി സംഗമം കഴിഞ്ഞു രാത്രി 9 മണിയോടെ റോഡരികിൽ നിർത്തിയിട്ട തങ്ങളുടെ കാറിൽ ഇരിക്കുകയായിരുന്നു സൂരജും അരുണും. കാറിന്റെ ഹെഡ്‌ലൈറ്റ് കെടുത്തിയിരുന്നില്ല. അപ്പോൾ ബത്തേരി ഭാഗത്തേക്ക് കാറിൽ വരികയായിരുന്നു നാലംഗ സംഘം. ഹെഡ്‌ലൈറ്റ് കെടുത്താത്തതിനെ കാറിലെത്തിയ സംജാദും സംഘവും ചോദ്യം ചെയ്തു. ലൈറ്റ് കെടുത്താനും ആവശ്യപ്പെട്ടു. എന്നാൽ കാറിലിരുന്നവർ അതിന് തയാറായില്ല. തർക്കവും തുടർന്ന് കയ്യാങ്കളിയുമായി. ഇതിനിടെ നാലംഗ സംഘം ക്ഷുഭിതരായി കത്തി ഉപയോഗിച്ച് സൂരജിന്റെ കഴുത്തിനും അരുണിന്റെ പുറത്തും വെട്ടി. പരുക്കേറ്റു വീണ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

കാറിൽ കടന്നു കളഞ്ഞ അക്രമി സംഘം പിന്നീട് പലയിടങ്ങളിലേക്കു മുങ്ങി. സംജാദിനെ മലപ്പുറത്തു നിന്നും രാഹുൽ, തിഞ്ചു എന്നിവരെ വേളാങ്കണ്ണിയിൽ നിന്നു മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടയിലുമാണു പിടികൂടിയത്. നൗഷാദിനെ ബത്തേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു. അക്രമി സംഘം സഞ്ചരിച്ച കാർ പാട്ടവയലി‍ൽ നിന്നു കണ്ടെടുത്തു. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. ബത്തേരി എസ്ഐ ജെ. ഷജീം, പൊലീസുകാരായ പി.വിജീഷ്, കെ. കുഞ്ഞൻ, വരുൺ, ആർ. രതീഷ്, ടി.ഡി. സന്തോഷ് എന്നിവർ ചേർന്നാണു നാലു പേരെയും പിടികൂടിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.