മോഷ്ടിക്കുന്ന ഫോണുകളിലൂടെ പോലീസെന്ന വ്യാജേന സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞ് ഭീഷണിപ്പെടുത്തും ; യുവാവിനെ ബത്തേരി പോലീസ് അറസ്റ്റു ചെയ്തു
ബത്തേരി : മോഷ്ടിക്കുന്ന ഫോണുകളിലൂടെ സ്ത്രീകളെ ശല്യം ചെയ്യുന്ന യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പാതിരാപുരം മുളയ്ക്കൽ നവാസ് (33) ആണ് പിടിയിലായത്. മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും അതിൽ നിന്നു സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറയുന്നു. വിളിക്കുന്ന സ്ത്രീകളോട് പൊലീസാണെന്ന് പറഞ്ഞാണ് നവാസ് പരിചയപ്പെടുക. ബത്തേരി സ്റ്റേഷൻ പരിധിയിൽ മുഹമ്മദ് അസ്‌ലം എന്നയാളെ പൊലീസ് ആണെന്ന് പറഞ്ഞ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
പരാതി അന്വേഷിക്കാനായി ഫോണിൽ വിളിച്ച വനിതാപോലീസിനോടും ഇയാൾ അസഭ്യംപറഞ്ഞു. തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾ ആളുകളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം ആ ഫോണുപയോഗിച്ച് സ്ത്രീകളെ നിരന്തരം വിളിച്ച് അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും പോലീസുകാരനെന്ന വ്യാജേനയാണ് ഇയാൾ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നതെന്നും ബത്തേരി പോലീസ് പറഞ്ഞു. കോട്ടയത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.
ബത്തേരി പോലീസ് സ്റ്റേഷനിൽ ലഭിച്ച മുഹമ്മദ് അസ്‍ലമിന്റെ പരാതിയിലെ അന്വേഷണത്തിനിടെയാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. അസ്‍ലമിനെ പോലീസാണെന്ന് പരിചയപ്പെടുത്തി നവാസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഈ പരാതി അന്വേഷിക്കുന്നതിനായി സ്റ്റേഷനിൽ നിന്ന് വനിതാപോലീസ് നവാസിനെ ഫോണിൽ വിളിച്ചപ്പോഴാണ്, പോലീസാണെന്ന് അറിഞ്ഞിട്ടും അസഭ്യം പറഞ്ഞത്.
കോട്ടയം, പാല, ചിങ്ങവനം, വിയ്യൂർ, ബത്തേരി എന്നിവിടങ്ങളിൽ ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ ഇന്ന് ബത്തേരി കോടതിയിൽ ഹാജരാക്കും.