വൈത്തിരിയിൽ ഗൃഹപ്രവേശന ചടങ്ങിനായി ഒരുക്കിയ പന്തലിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണു ; ഒഴിവായത് വൻ ദുരന്തം
1 min readവൈത്തിരി : ഗൃഹപ്രവേശന ചടങ്ങിനായി ഒരുക്കിയ പന്തലിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണു. ദുരന്തം ഒഴിവായത് തലനാരിഴക്ക്. വൈത്തിരി നാരങ്ങാക്കുന്നില്‍ ഷെബീറലിയുടെ പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനായി തീര്‍ത്ത പന്തലിന് മുകളിലേക്കാണ് പോസ്റ്റ് വീണത്.
ഇന്ന് വൈകീട്ട് നാലു മണി മുതല്‍ ബന്ധുക്കള്‍ക്കായി സല്‍ക്കാരമൊരുക്കിയിരുന്നു. ചടങ്ങിലേക്ക് ആളുകള്‍ എത്തി തുടങ്ങിയ അവസരത്തിലാണ് പന്തലിന് മുകളില്‍ പോസ്റ്റ് വീണത്. ഇളകിയ മണ്ണില്‍ കേവലം 30 സെന്റിമീറ്റര്‍ മാത്രം ആഴത്തില്‍ റോഡിന്റെ സംരക്ഷണ ഭിത്തിയോട് ചേര്‍ന്നാണ് കുഴി എടുത്തത്. റോഡില്‍ നിന്നും 6 മീറ്ററോളം താഴെയാണ് വീട്. നിലവിലെ പോസ്റ്റില്‍ നിന്നും നാലു മീറ്റര്‍ അകലെ പോസ്റ്റ് ആവശ്യമില്ലാത്ത സ്ഥലത്ത് പതിനാലായിരത്തോളം രൂപ ഈടാക്കിയാണ് പോസ്റ്റ് സ്ഥാപിച്ചത്. പോസ്റ്റ് വീണതിന് ശേഷം ഇവിടെയുള്ള പഴയ പോസ്റ്റില്‍ നിന്നു തന്നെ കണക്ഷന്‍ മാറ്റി നല്‍കുകയും ചെയ്തു.