പയ്യമ്പള്ളിയിൽ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷട്ടറിന്റെ പുട്ടുപൊളിച്ച് 20,000 രൂപയോളം കവര്‍ന്ന പ്രതി പിടിയിൽ
പയ്യമ്പള്ളിയിൽ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷട്ടറിന്റെ പുട്ടുപൊളിച്ച് 20,000 രൂപയോളം കവര്‍ന്ന പ്രതി പിടിയിൽ
മാനന്തവാടി: പയ്യമ്പള്ളി ടൗണിലെ കണ്ടത്തില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷട്ടറിന്റെ പുട്ടുപൊളിച്ച് അകത്ത് കയറി 20,000 രൂപയോളം കവര്‍ന്ന മോഷ്ടാവിനെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി മാനന്തവാടി പോലീസ്.
ജില്ലക്കകത്തും പുറത്തും നിരവധി മോഷണക്കേസുകളിലെ പ്രതിയായ തവിഞ്ഞാല്‍ വരയാല്‍ കുറുമുട്ടത്തില്‍ പ്രജീഷ് (40) ആണ് പിടിയിലായത്. മറ്റൊരു മോഷണക്കേസില്‍ ജയിലിലായിരുന്ന പ്രജീഷ് ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങിയതായിരുന്നു.
സിസിടിവി ദൃശ്യം കണ്ട് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാര്‍ക്കും, ചുമട്ട് തൊഴിലാളികള്‍ക്കും മറ്റും പ്രതിയുടെ ചിത്രം കൈമാറിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നിന്നും പ്രതിയെ കയ്യോടെ പിടികൂടുകയും ചെയ്തു. പ്രതിയെ കവര്‍ച്ച നടന്ന സ്ഥാപനത്തില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
20,000 രൂപയോളം കവര്‍ന്നതില്‍ 12,000 രൂപ പ്രതിയില്‍ നിന്നും പോലീസ് കണ്ടെത്തി. മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം അബ്ദുള്‍ കരീം, എസ്.ഐ ബിജു ആന്റണി, അഡി. എസ്.ഐമാരായ നൗഷാദ്, രാജീവന്‍, എ.എസ്.ഐ മെര്‍വിന്‍ ഡിക്രൂസ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മാനന്തവാടി വള്ളിയൂര്‍ക്കാവ് മേല്‍ശാന്തിയുടെ വീട്ടിലെ മോഷണമടക്കം നിരവധി മോഷണ കേസുകളിലെ പ്രതിയാണ് പ്രജീഷ്.