September 11, 2024

മുഖ്യമന്ത്രി കേരള ജനതയോട് മാപ്പ് പറഞ്ഞ് രാജി വെക്കണം – കോൺഗ്രസ്സ് സേവാദൾ

1 min read
Share


മുഖ്യമന്ത്രി കേരള ജനതയോട് മാപ്പ് പറഞ്ഞ് രാജി വെക്കണം – കോൺഗ്രസ്സ് സേവാദൾ

കൽപ്പറ്റ: കഴിഞ്ഞ ദിവസം തിരുവനന്തപുരം കേളേജിൽ കെ.എസ്.യു നേതാവായ വിദ്യാർത്ഥിനി ഉൾപ്പെടെയുള്ളവരെ ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടകളെ സംരക്ഷിച്ച് ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സാക്ഷര കേരളത്തിന് അപമാനമാണെന്നും കേരള സമൂഹത്തോട് മാപ്പ് പറഞ്ഞ് രാജിവെയ്ക്കണമെന്നും കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ഒരു മാസം മുമ്പ് കേരളത്തെ യു.പി മുഖ്യമന്ത്രി അപമാനിച്ചു എന്നും പറഞ്ഞ് ഇവിടെയുള്ള ഭരണപക്ഷം ഒന്നടങ്കം യു.പിയിലെ സ്ത്രീകൾ നേരിടുന്ന ദുരവസ്ഥകളെ തുലനം ചെയ്തുകൊണ്ട് അന്തി ചർച്ചകൾ നടത്തി. മുഖ്യമന്ത്രിയും കൂട്ടാളികളും ഒന്നിച്ചു നിന്ന് ഒരുപോലെ പ്രതികരിച്ചു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം ലോ കോളേജിൽ ഉണ്ടായ എസ്.എഫ്.ഐ ഗുണ്ടാ അക്രമണങ്ങൾ കാണുമ്പോൾ ദൗർഭാഗ്യവശാൽ മനസാക്ഷിയുള്ളവർക്ക് പറയേണ്ടി വരുന്നു യു.പിയിലെ എന്നല്ല, ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും കലാലയങ്ങളിലെ പെൺകുട്ടികൾ കേരളത്തിലെ കലാലയങ്ങളിലെ പെൺകുട്ടികളെക്കാൾ എത്രയോ സുരക്ഷിതരാണ് എന്ന്. കാരണം അവിടെയൊന്നും എസ്.എഫ്.ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടമില്ല. അവിടെ എസ്.എഫ്.ഐക്ക് സംരക്ഷണമൊരുക്കാൻ ഭരണ സിരാകേന്ദ്രവും സി.പി.എം നേതൃത്വം നൽകുന്ന സർക്കാരുകളും ഇല്ല .

ഒരു സ്ത്രീയെ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് തള്ളിയിട്ട് തെരുവിൽ വലിച്ചിഴയ്ക്കുന്നു. വിവസ്ത്രയാക്കാൻ ശ്രമം നടക്കുന്നു. പച്ചയ്ക്ക് അശ്ലീലം പറയുന്നു. അവരുടെ കൂടെയുള്ള മറ്റുള്ള സഹപ്രവർത്തകരെ പരസ്യമായി തല്ലുന്നു. അത് കഴിഞ്ഞും രാത്രി വീട് കയറി ആക്രമിക്കുന്നു. ഇനി കെ.എസ്.യു സംഘടനയിൽ പ്രവർത്തിച്ചാൽ വച്ചേക്കില്ല എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നു. എന്താണ് അവർ ചെയ്ത തെറ്റ്? ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച് കലാലയ ജീവിതത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തെ മുറുകെപിടിച്ച് അവരുടേതായ രീതിയിൽ സംഘടനാ പ്രവർത്തനം നടത്തി എസ്.എഫ്.ഐയുടെ തെറ്റായ രീതിയിലുള്ള പ്രവർത്തനങ്ങൾക്കെതിരെ യൂണിറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചതാണോ? എസ്.എഫ്.ഐ
എന്നത് ഐ.എസ്.ഐ.എസ് ഭീകര സംഘടനയേക്കാൾ അപകടകാരികളെപ്പോലെ കേരളത്തിലെ കലാലയങ്ങളിൽ അഴിഞ്ഞാടുന്നു. ഇതാണോ ഇവർ പറയാറുള്ള സ്ത്രീ സുരക്ഷയും, സ്ത്രീ ശാക്തീകരണവും?

അതിനേക്കാൾ സങ്കടകരമായ ഒരു കാര്യം പ്രസ്തുത വിഷയം സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവിനെ അപമാനിച്ചു കൊണ്ട് എസ്.എഫ്.ഐ ഗുണ്ടായിസത്തെ സംരക്ഷിച്ചു നിർത്തി ന്യായീകരിക്കുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രിയെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഇത്തരത്തിൽ നിലവാരം വച്ച് പുലർത്തുന്ന നമ്മുടെ മുഖ്യമന്ത്രി അക്രമങ്ങൾ അഴിച്ച് വിട്ട് ഗുണ്ടകളെ സംരക്ഷിച്ച് വളർത്തുകയാണന്നും യോഗം ആരോപിച്ചു. ഇതിനെതിരെ മനസാക്ഷിയുള്ള കേരള സമൂഹത്തോട് പ്രതിബദ്ധതയുള്ള എല്ലാവരും വരുംദിനങ്ങളിൽ നാട്ടിൽ ഒരു അക്രമവും, കലാപവും ഉണ്ടാവാതിരിക്കാൻ ഇതിനെതിരെ പ്രതികരിക്കണമെന്നും കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു. ബിനോയ് ജോർജ്ജ്, കെ.ടി സജീവൻ, എം.കെ.നന്ദീഷ്, വി.എം. ജയ്സൺ, എ.ശ്രീലേഷ്, കെ.എം ശാന്ത, ഷൈലജ സോമൻ, മാലതി രാധാകൃഷ്ണൻ, കവിത കെ.എം തുടങ്ങിയവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.