അദാലത്ത് തുണച്ചു ; റംലത്തിന്റെ കിടപ്പാടത്തിന്റെ പ്രശ്‌നത്തിന് പരിഹാരമായി
അദാലത്ത് തുണച്ചു ; റംലത്തിന്റെ കിടപ്പാടത്തിന്റെ പ്രശ്‌നത്തിന് പരിഹാരമായി
കൽപ്പറ്റ : കിടപ്പാടത്തിന്റെ പ്രശ്‌നത്തിന് പരിഹാരമായതിന്റെ ആശ്വാസത്തിലാണ് പൊഴുതന ആറാം മൈല്‍ സ്വദേശിനി റംലത്തും കുടുംബവും. ജില്ലയിലെ വിവിധ ബാങ്കുകളിലെ റവന്യൂ റിക്കവറി കുടിശ്ശിക നിവാരണത്തിനായി ബാങ്കുകളും റവന്യു വകുപ്പും സംയുക്തമായി താലൂക്ക് തലങ്ങളില്‍ നടത്തിയ മെഗാ അദാലത്തിലാണ് റംലത്തിന്റെ ലോണ്‍ കുടിശ്ശിക തീര്‍പ്പാക്കിയത്. അഞ്ച് വര്‍ഷം മുന്‍പാണ് വീടുപണിക്കു വേണ്ടി ഗ്രാമീണ ബാങ്കിന്റെ പൊഴുതന അച്ചൂരാനം ശാഖയില്‍ നിന്നും അമ്പതിനായിരം രൂപ ലോണ്‍ എടുത്തത്. തുടക്കത്തില്‍ ലോണ്‍ തിരിച്ചടവ് ക്യത്യമായിരുന്നു. അസുഖബാധിതയായതിനാല്‍ തിരിച്ചടവ് മുടങ്ങുകയും ലോണ്‍ കുടിശ്ശിക പലിശയടക്കം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയായുകയും ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ച റംലത്ത് മകനും കുടുംബത്തോടുമൊപ്പമാണ് താമസിക്കുന്നത്. റിക്കവറി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 2ന് കല്‍പ്പറ്റ എസ്.കെ.എം.കെ സ്‌കൂള്‍ ജൂബിലി ഹാളില്‍ നടന്ന അദാലത്തില്‍ പങ്കെടുക്കുകയും ബാങ്ക് അധികൃതരുമായി സംസാരിക്കുകയും ചെയ്തു. അതോടെ റംലയ്ക്ക് അടയ്‌ക്കേണ്ടിയിരുന്ന ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ, ഇരുപതിനായിരമായി പരിമിതപ്പെടുത്തി നല്‍കി. അദാലത്തിലൂടെ തന്റെ ലോണ്‍ കുടിശ്ശികയ്ക്ക് പരിഹാരമായതിന്റെ സന്തോഷത്തിലാണ് റംലത്ത് വീട്ടിലേക്ക് മടങ്ങിയത്.