അമ്പലവയലിൽ ഇനി ആരും പട്ടിണിയാവരുത് ; സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതി ഒരുക്കി സെയ്ന്റ് മാർട്ടിൻസ് ഇടവകക്കൂട്ടായ്മ
അമ്പലവയലിൽ ഇനി ആരും പട്ടിണിയാവരുത് ; സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതി ഒരുക്കി സെയ്ന്റ് മാർട്ടിൻസ് ഇടവകക്കൂട്ടായ്മ
അമ്പലവയൽ: വിശന്ന വയറുമായി ആരും അമ്പലവയൽ പ്രദേശത്തുണ്ടാകരുത്. ഈ നോമ്പുകാലത്ത് അമ്പലവയൽ സെയ്ന്റ് മാർട്ടിൻസ് ഇടവകക്കാരുടെ തീരുമാനം അതാണ്. ഇതിനായി ‘വിശപ്പുരഹിത അമ്പലവയൽ’ എന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് ഇവർ. മന്ന എന്ന പേരിലാണ് സൗജന്യ ഉച്ചഭക്ഷണ വിതരണം. പുണ്യപ്രവൃത്തികളിലൂടെ ജീവിതം നവീകരിക്കാനൊരുങ്ങുന്ന നോമ്പുകാലത്ത് സഹജീവി സ്നേഹത്തിന്റെ അന്നം വിളമ്പുകയാണ് ഇടവകക്കൂട്ടായ്മ.
പള്ളിയുടെ മുൻവശത്ത് തയ്യാറാക്കിയിരിക്കുന്ന അലമാരയിലാണ് ഭക്ഷണപ്പൊതികൾ ക്രമീകരിച്ചിരിക്കുന്നത്. ആവശ്യമുള്ള ആർക്കും ഭക്ഷണം എടുക്കാം. ഉച്ചയ്ക്ക് 12.30 മുതൽ രണ്ടുമണിവരെയാണ് ഭക്ഷണവിതരണം. ഇടവക ജനങ്ങൾ ഉൾപ്പെടെ സുമനസ്സുകളുടെ സഹായത്തോടെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീർ ഉദ്ഘാടനം ചെയ്തു. ഫാ. ചാക്കോ മേപ്പുറത്ത്, നാഷ് ഇളയിടത്തുമഠത്തിൽ, തോമസ് മുള്ളൻമട, ജെയിംസ് വലിയപറമ്പിൽ, സാബു കാവുമ്പറമ്പിൽ എന്നിവർ സംസാരിച്ചു.