ബത്തേരിയിൽ 102 കിലോ കഞ്ചാവ് പിടികൂടിയ സംഭവം; ഒളിവിലായിരുന്ന പ്രധാന പ്രതിയും സഹായികളും അറസ്റ്റിൽ
1 min readസുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി വട്ടത്തിമൂല കോളനിയിലെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളം സ്വദേശി പുൽപ്പാറയിൽ പി.യു ജോസ് എന്ന സീസിങ് ജോസ് (51) ആണ് അറസ്റ്റിലായത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മലപ്പുറം ആയ്യായ സ്വദേശി മുണ്ടക്കര സദക്കത്തുള്ള എന്ന ഷൗക്കത്ത് (44), തമിഴ്‌നാട് ബുധർനഗർ കാർത്തിക് മോഹൻ (32) എന്നിവരെയും പോലീസ് പിടികൂടി. ആന്ധ്രയിലെ കക്കിനട എന്ന സ്ഥലത്തുവെച്ചാണ് മൂവരെയും പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വർഷം ആഗസ്റ്റ് മൂന്നിനാണ് സുൽത്താൻ ബത്തേരി വട്ടത്തിമൂല കോളനിയിലെ കെ.കൃഷ്ണൻകുട്ടിയുടെ വീട്ടിൽ നിന്നും നൂറ്റിരണ്ടര കിലോ കഞ്ചാവ് പിടികൂടിയത്. ഇതിൽ രണ്ടര കിലോ വീതം 48 ബാഗുകളിലാക്കിയ കഞ്ചാവ് അഞ്ചു ബാഗുകളിലും മൂന്ന് ചാക്കുകളിലാക്കിയുമായിരുന്നു സൂക്ഷിച്ചിരുന്നത്. അന്നുതന്നെ വീട്ടുടമയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കഞ്ചാവ് സൂക്ഷിക്കാനായി എത്തിച്ചു നൽകിയ പി.യു ജോസിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. സംഭവുമായി ബന്ധപ്പെട്ട് കഞ്ചാവ് ഇവിടേക്ക് എത്തിക്കാൻ സഹായം ചെയ്ത മനോജ് അപ്പാട് എന്നയാളെയും കഴിഞ്ഞമാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ പ്രധാനപ്രതിയായ ജോസ് പോലീസിനെ കബളിപ്പിച്ച് മുങ്ങിനടക്കുകയായിരുന്നു. ഇയാളുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പലപ്പോഴും തമിഴ്‌നാട്, കർണാടക എന്നിങ്ങനെയായിരുന്നു ലഭിച്ച വിവരം. ഒടുവിലാണ് ആന്ധ്രയിലുണ്ടന്ന വിവരം ലഭിക്കുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടി അഞ്ച് മാസങ്ങൾക്ക് ശേഷം പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ സീസിങ് ജോസ് വയനാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണന്നും ജില്ലയിലേക്ക് സിന്തറ്റിക് ഡ്രഗ്‌സ് എത്തുന്നതിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ പറഞ്ഞു.
ആന്ധ്രയിലെ പ്രാദേശിക പോലീസിന്റെ സഹായത്തോടെയാണ് സുൽത്താൻ ബത്തേരി എസ്.ഐ ജെ.ഷജീമിന്റെ നേതൃത്വത്തിൽ എ.എസ്.ഐ കെ.വി അനീഷ്, സി.പി.ഒമാരായ എം.എ അനസ്, ആഷ്‌ലിൻ, സന്തോഷ്, ഹോംഗാർഡ് വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് മൂവരെയും പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാന്റ് ചെയ്തു.
ജോസിന്റെ പേരിൽ 19 കേസുകളാണ് ഉള്ളത്. ഇതിൽ 18 പോലീസ് കേസുകളും ഒരു വനംവകുപ്പിന്റെ കേസുമാണ്. 14 കേസുകൾ സുൽത്താൻ ബത്തേരി സ്റ്റേഷനിലും, കോഴിക്കോട്, തിരുനെല്ലി, പടിഞ്ഞാറത്ത എന്നിവിടങ്ങളിൽ ഓരോ കേസുകളും, മറ്റൊരു കേസ് കർണാടകയിലെ വേളൂർ സ്‌റ്റേഷനിലുമാണ്. ഇതിൽ നാലെണ്ണം ഹൈവേ കൊള്ളകളും, സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനും അടിപിടി, ലഹരി കേസുകളുമാണ്. കൂടാതെ സുൽത്താൻ ബത്തേരി കുപ്പാടി ഫോറസ്റ്റ് സ്‌റ്റേഷനിലും ഇയാളുടെ പേരിൽ ഒരു കേസുണ്ട്.
വർഷങ്ങൾക്ക് മുമ്പ് റിസോർട്ട് ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജോസിനെ അറസ്റ്റ് ചെയ്‌തെങ്കിലും തെളിവുകളില്ലാത്തതിനെ തുടർന്ന് വെറുതെവിട്ടു. സീസിങ് ജോസിന്റെ കൂടെ പിടിയിലായ സഹായി ഷൗക്കത്തിന്റെ പേരിൽ രണ്ടു വർഷം മുമ്പുണ്ടായ ഹൈവേകൊള്ളയുമായി ബന്ധപ്പെട്ട് തിരുനെല്ലി പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ഷൗക്കത്തും, പിടിയിലായ മറ്റൊരു സഹായി കാർത്തിക് മോഹനും കഞ്ചാവ് വയനാട്ടിലേക്ക് എത്തിക്കാൻ ജോസിനെ സഹായിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ഇവർ യാത്രചെയ്യാൻ ഉപയോഗിച്ചിരുന്നത് രഹസ്യ അറകളുള്ള വാഹനമായിരുന്നു. ഷെവർലേ വാഹനത്തിന്റെ പിൻസീറ്റിൽ അടിഭാഗത്തും ചാരിഇരിക്കുന്ന ഭാഗത്തുമാണ് രഹസ്യ അറകൾ ഉള്ളത്. പണം, ലഹരി അടക്കമുള്ള സാധനങ്ങൾ കടത്താനായാണ് ഇവർ ഇത് ഉപയോഗിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഈ വാഹനത്തിലാണ് പി.യു ജോസ് ആന്ധ്രയിൽ യാത്ര ചെയ്തിരുന്നത്.