കുറുക്കന്‍മൂല കടുവാ ആക്രമണം: പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണം- ജില്ലാ വികസന സമിതി
*കുറുക്കന്‍മൂല കടുവാ ആക്രമണം: പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണം- ജില്ലാ വികസന സമിതി*
മാനന്തവാടി താലൂക്കിലെ കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആനുപാതികമായ വര്‍ധനയോടെ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രൂപീകരിച്ച പ്രത്യേക സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് യോഗം ശുപാര്‍ശ ചെയ്തു.
വന്യജീവി ആക്രമണത്തില്‍ വനം വകുപ്പ് സാധാരണ നല്‍കുന്ന നഷ്ടപരിഹാരത്തിനു പകരമായി കുറുക്കന്‍മൂലയിലേത് പ്രത്യേക കേസായി പരിഗണിച്ച് മാര്‍ക്കറ്റ് വിലയില്‍ ഉയര്‍ന്ന നഷ്ടപരിഹാരത്തിനാണ് സമിതിയുടെ ശുപാര്‍ശ. മാനന്തവാടി സബ്കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചിരുന്നത്. കടുവയുടെ ആക്രമണത്തില്‍ 13 പേരുടെ 16 വളര്‍ത്തുമൃഗങ്ങളും മറ്റൊരു വന്യജീവി ആക്രമണത്തില്‍ പയ്യമ്പിള്ളി എളയിടത്ത് സ്വകാര്യ വ്യക്തിയുടെ ആടും നഷ്ടപ്പെട്ട കേസുകളിലാണ് പ്രത്യേക പാക്കേജിന് ശുപാര്‍ശ.
വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനുള്ള നടപടികള്‍ കാര്യക്ഷമമാക്കണം. വന്യമൃഗങ്ങള്‍ക്ക് ആവാസമൊരുക്കുന്ന തരത്തില്‍ കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകള്‍ കാടു വെട്ടി തെളിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പട്ടിക വര്‍ഗ്ഗ വീടുകളുടെ അറ്റകുറ്റ പണികള്‍ക്കായി പട്ടിക തയ്യാറാക്കി ഫണ്ട് ലഭ്യമാക്കുന്നതിന് പ്രോപ്പോസല്‍ സമര്‍പ്പിക്കും
ടൂറിസം കേന്ദ്രങ്ങളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിശ്ചയിക്കുമ്പോള്‍ തദ്ദേശ സ്ഥാപന ഭരണ സമിതിയുടെ നിര്‍ദേശം കൂടി പരിഗണിക്കണമെന്ന ജില്ലാ വികസന സമിതി തീരുമാനം സര്‍ക്കാരിനെ അറിയിക്കണമെന്ന എം.പി പ്രതിനിധിയുടെ ആവശ്യപ്രകാരം കുടുംബശ്രീ മിഷനെയും ഉള്‍പ്പെടുത്തി പ്രത്യക യോഗം ചേരുന്നതിന് യോഗം തീരുമാനിച്ചു. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ഉറപ്പു വരുത്തുന്നതിനായി ജില്ലയില്‍ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും.
കല്‍പ്പറ്റ കൈനാട്ടി ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഐ.സി.യു പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ടി.സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. വൈത്തിരി താലൂക്ക് ആനമല കോളനിയില്‍ ടിന്‍ ഷീറ്റു കൊണ്ട് നിര്‍മ്മിച്ച വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ഭവന നിര്‍മ്മാണം അടിയന്തിരമായ പൂര്‍ത്തീകരിക്കണമെന്ന എം.എല്‍.എയുടെ ആവിശ്യപ്രകാരം ഭവന നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി കെ.എല്‍ പൗലോസ്, നരഗസഭാ അധ്യക്ഷര്‍, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ. ഷാജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.