ആംബുലൻസ് വിവാദം; സി.പി.എം ആരോപണം അടിസ്ഥാന രഹിതം – ബിനു ജേക്കബ്
1 min readആംബുലൻസ് വിവാദം; സി.പി.എം ആരോപണം അടിസ്ഥാന രഹിതം – ബിനു ജേക്കബ്
കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിക്കേതിരെയും, വ്യക്തിപരമായി തനിക്കെതിരെയും കഴിഞ്ഞ കുറെ നാളുകളായി സി.പി.എം നടത്തുന്നത് വ്യാജ പ്രചരണങ്ങളാണെന്ന് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതിയധ്യക്ഷൻ ബിനു ജേക്കബ് പത്രസമ്മേളനത്തിൽ പറഞ്ഞു.
താൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് വരദൂർ പി.എച്ച്.സിയ്ക്ക് സ്വന്തമായി ആംബുലൻസ് വാങ്ങുന്നതിന് തനത് ഫണ്ട് കുറവായതിനാൽ വിവിധ ഏജൻസികളുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കൊച്ചിൻ ഷിപ്പിയാർഡിന്റെ ഏഴര ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ 1127750 രൂപ ചെലവ് വരുന്നതിനാൽ ബാക്കി തുക കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ ഷിപ്പിയാർഡിനെ സമീപിച്ചെങ്കിലും സി.എസ്.ആർ ഫണ്ട് കഴിഞ്ഞതിനാൽ സാധ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കമ്പളക്കാടു ശാഖയിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചത്. തുടർന്ന് ബാക്കി പണം ആവശ്യപ്പെട്ട് ഫേസ് ബുക്കിലൂടെ ആംബുലസ് ചലഞ്ചിനു പണം അവശ്യപ്പെടുകയായിരുന്നു. കൈരളി ടി.എം.ടി മൂന്നു ലക്ഷം രൂപ നൽകാമെന്ന് ഏറ്റു. ബാക്കി തുക അന്നത്തെ വയനാട് ജില്ലാ കളക്ടർ അദീല അബ്‌ദുല്ലയുടെ നിർദ്ദേശപ്രകരം ഈ മെയ് മാസത്തിൽ ഒരുവ്യക്തി 50000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്‌തു. ആംബുലൻസ് വാങ്ങുന്നതിനാവശ്യമായ തുക ലഭ്യമായതിനാൽ രണ്ടു ദിവസത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യുകയും, ഇനിയാരും പണം നൽകേണ്ടതില്ലെന്ന് വീണ്ടും ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു. ഇതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ കുറേക്കാലങ്ങളായി സി.പി.എം നേതാക്കളും, എൽ.ഡി.എഫ് അംഗങ്ങളും ഒളിഞ്ഞും, തെളിഞ്ഞും ദുഷ്പ്രചരണങ്ങൾ നടത്തുകയാണ്.
ആംബുലൻസ് വാങ്ങുന്നതിൽ അഴിമതി നടത്തുകയോ, അനധികൃതമായി പണം സമ്പാദിക്കുകയോ ചെയ്തിട്ടുണ്ടെന്ന് തെളിയിച്ചാൽ രണ്ടര പതിറ്റാണ്ടിലേറെയായുള്ള തന്റെ രാഷ്ട്രീയ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നും ബിനു ജേക്കബ് പറഞ്ഞു.
പിൻവാതിൽ നിയമനം കണിയാമ്പറ്റ പഞ്ചായത്തിന്റെ പരിധിയിൽ ഏറ്റവും കൂടുതൽ ഈ സമയം നടത്തിയിട്ടുള്ളത് സി.പി.എമ്മുകാരാണ്. കരണി ജെ.ഡി.സിയിൽ വാച്ചുമാൻ തസ്തികയിൽ പടാരിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി ജോലി ചെയ്യുന്നു. അവിടെ തന്നെ കരണി ലോക്കൽ സെക്രട്ടറിയുടെ ഭാര്യ പി.ടി.എസ് ആയി ജോലി ചെയ്യുന്നതും, കേരള കോ – ഓപ്പറേറ്റീവ് ബാങ്ക് കരണി ശാഖയിൽ കരണിയിലെ പ്രമുഖ സഖാവിന്റെ മരുമകൾ ജോലിചെയ്യുന്നതും ഏത് ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആണെന്ന് സി.പി.എം വ്യക്തമാക്കണം. തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എഞ്ചിനീയർ ആയിരുന്ന ഒരു വ്യക്തിയെ യോഗ്യതയില്ലെന്നു കണ്ടു പിടിച്ച് സ്ഥാനത്തു നിന്നും പുറത്താക്കിയത് കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ തീരുമാന പ്രകരമാണ്. ഇക്കാര്യത്തിൽ എൽ.ഡി.എഫ് മെമ്പർമാർക്കോ, സി.പി.എമ്മിനോ യാതൊരുവിധ ക്രെഡിറ്റും അവകാശപ്പെടാനില്ല. യാഥാർഥ്യങ്ങൾ ഇതായിരിക്കെ സി.പി.എം നടത്തുന്ന വ്യാജ പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും ബിനു ജേക്കബ് പറഞ്ഞു.