പച്ചക്കറിക്ക് പിന്നാലെ സംസ്ഥാനത്ത് അരി വിലയും കുതിക്കുന്നു
1 min readപച്ചക്കറിക്ക് പിന്നാലെ സംസ്ഥാനത്ത് അരി വിലയും കുതിക്കുന്നു
പച്ചക്കറി വിലയ്ക്ക് പിന്നാലെ സംസ്ഥാനത്ത് അരി വിലയും കുതിക്കുന്നു. ഒരു കിലോ മട്ട വടി അരിയുടെ വില അൻപത് രൂപക്കടുത്തെത്തി. ബിരിയാണിയുണ്ടാക്കാൻ ഉപയോഗിക്കുന്ന കയമ അരിക്കും വില കുത്തനെയുയര്‍ന്നു. കര്‍ണാടകയിലും തമിഴ്നാട്ടിലുമുണ്ടായ വിളനാശവും ശ്രീലങ്കയിലേക്ക് കൂടുതല്‍ അരി കയറ്റിയയക്കേണ്ടി വരുന്നതുമാണ് വില ഉയരാന്‍ കാരണം.
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മാര്‍ക്കറ്റുള്ള മട്ട വടി അരിക്കാണ് ഒരു മാസത്തിനിടെ ഏറ്റവുമധികം വില വര്‍ധിച്ചത്. മുപത്തിയെട്ടു രൂപയില്‍ നിന്നും 50 രൂപയിലെത്തി ചില്ലറ വിപണിയിലെ വില. മലബാറില്‍ കൂടുതലായി ഉപയോഗിക്കുന്ന കുറുവ അരിക്ക് മൂന്ന് രൂപ കൂടി.
38 രൂപ വരെയായാണ് കോഴിക്കോട് വലിയങ്ങാടിയിലെ വില. മഞ്ഞക്കുറുവക്ക് 34 രൂപ മുതല്‍ 41 രൂപ വരെയായി. തമിഴ്നാട്ടില്‍ നിന്ന് എത്തിയിരുന്ന വില കുറഞ്ഞ പൊന്നി അരി ഇപ്പോള്‍ കിട്ടാനില്ല. ബിരിയാണിയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കയമ അരിക്ക് പത്തു രൂപ വരെ കൂടി.
ഭക്ഷ്യ ക്ഷാമം രൂക്ഷമായതോടെ ശ്രീലങ്കയിലേക്ക് ആന്ധ്രാപ്രദേശിലെ മില്ലുകളില്‍ നിന്നും കൂടുതലായി അരി കയറ്റുമതി ചെയ്യുന്നുണ്ട്. ഇതും വില വര്‍ധനക്ക് കാരണമായി. തെക്കന്‍ കേരളത്തില്‍ ഉപയോഗിക്കുന്ന സുരേഖ, ജയ അരിയിനങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടില്ല.