കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ പുതിയ കാൽപാടുകൾ കണ്ടെത്തി; നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കും
കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ പുതിയ കാൽപാടുകൾ കണ്ടെത്തി; നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കും
മാനന്തവാടി: കുറുക്കൻമൂല പി.എച്ച്.സി യുടെ താഴെ നിന്നും ഇന്ന് രാവിലെ കടുവയുടെ പുതിയ കാൽപാടുകൾ കണ്ടെത്തി. കുറുക്കന്‍മൂലയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്ത്തിയ കടുവക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് വീണ്ടും കാൽപ്പാടുകൾ കണ്ടത്.
പ്രദേശത്തെ 17 ഓളം വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ, പയ്യമ്പള്ളി, കൊയിലേരി മേഖലകളില്‍ എവിടെയോ ഉണ്ടെന്നാണ് നിഗമനം. കാട്ടിക്കുളം ഭാഗത്തേക്ക് കടന്നതായും സൂചനയുണ്ട്. ഇവിടങ്ങളില്‍ വനപാലക സംഘവും പൊലീസും ക്യാമ്പ് ചെയ്ത് തിരച്ചില്‍ നടത്തുകയാണ്.
നേരത്തെ കടുവയുടെ സാന്നിധ്യം ഉണ്ടായ കുറുക്കന്മൂലയില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ വനംവകുപ്പ് ഇന്ന് സ്വീകരിച്ചേക്കും. ജനവാസ മേഖലകളില്‍ നിന്ന് കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോ എന്നും വനംവകുപ്പ് സംശയിക്കുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്തിയ മാനന്തവാടി നഗരസഭയിലെ എട്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.
അതേസമയം, കടുവയെ പിടികൂടാത്തതില്‍ ക്ഷുഭിതരായി പ്രതിഷേധിച്ച നാട്ടുകാരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ഇന്നലെ സംഘര്‍ഷങ്ങള്‍ക്കിടയാക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ നാട്ടുകാരില്‍ ചിലര്‍ കടുവയെ നേരില്‍ കണ്ടിരുന്നു. ഇത് വനം വകുപ്പിനെ അറിയിച്ചെങ്കിലും കാര്യമായി തിരച്ചില്‍ നടത്തിയില്ല എന്ന് നാട്ടുകാരുടെ പരാതിയിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെ ഉദ്യോഗസ്ഥര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായാണ് ആരോപണം. സംഘര്‍ഷത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ അരയില്‍ കരുതിയ കത്തിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതിനിടയില്‍ കടുവയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തെഴുതി. വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര തുക കൂട്ടണമെന്നും എംപി ആവശ്യപ്പെട്ടു.