September 20, 2024

കടുവയുടെ ആക്രമണം തുടരുന്നു ; കുറുക്കൻ മൂലയ്ക്കടുത്ത് ഇന്നും വളർത്തുമൃഗങ്ങളെ കൊന്നു: ഇതുവരെ കടുവ കൊന്നത് 17 വളർത്തുമൃഗങ്ങളെ

1 min read
Share

കടുവയുടെ ആക്രമണം തുടരുന്നു ; കുറുക്കൻ മൂലയ്ക്കടുത്ത് ഇന്നും വളർത്തുമൃഗങ്ങളെ കൊന്നു: ഇതുവരെ കടുവ കൊന്നത് 17 വളർത്തുമൃഗങ്ങളെ

മാനന്തവാടി : പയ്യമ്പള്ളി, കുറുക്കൻ മൂല പ്രദേശങ്ങളിൽ കടുവയുടെ ആക്രമണം തുടരുന്നു. കുറുക്കൻമൂലയ്ക്കടുത്ത് ഇന്ന് വീണ്ടും കടുവയുടെ ആക്രമണമുണ്ടായി. കുറുക്കന്മൂലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ പയ്യമ്പള്ളി പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. ഇതോടെ കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം 17 ആയി.

ജോണിന്റെ ഒരു വയസോളം പ്രായമുള്ള മൂരിക്കിടാവിനെയാണ് കടുവ കൊന്നത്. തൊഴുത്തിൽ നിന്നും അല്പം മാറിയാണ് മുരിക്കിടാവിന്റെ ജഡം കണ്ടെത്തിയത്. കൂടാതെ തൊട്ടടുത്ത വയലിനപ്പുറത്തെ പരുന്താനിയിൽ ലൂസി ടോമിയുടെ ആടിനെ കാണാതാവുകയും ചെയ്തിട്ടുണ്ട്. തൊഴുത്തിൽ കെട്ടിയിരുന്ന ആടിന്റെ കയറു പൊട്ടിച്ചാണ് കൊണ്ടുപോയിരിക്കുന്നത്.

കാട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ജനവാസ മേഖലയാണ് പയ്യമ്പള്ളി. ഇവിടെ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുറുക്കന്മൂലയില്‍ വളര്‍ത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കില്‍പ്പെട്ടതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കടുവ ഏത് സംസ്ഥാനത്തിന്റേതാണെന്ന് കണ്ടെത്താന്‍ ചിത്രങ്ങള്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ച്‌ കാത്തിരിക്കുകയാണ്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ കടുവയെ മയക്കുവെടി വെയ്ക്കുന്നത് ദുഷ്കരമാണെന്നാണ് വനം വകുപ്പ് പറയുന്നത്.

കുറുക്കന്‍മൂല പാല്‍വെളിച്ചം വനമേഖലയില്‍ വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞത്. ദേഹത്ത് മാരക മുറിവുകളേറ്റതാണ് കടുവ ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടിക്കുന്നതെന്നാണ് നിഗമനം. കടുവകളുടെ കണക്കെടുപ്പില്‍ വയനാട്ടില്‍ 154 കടുവകളാണുള്ളത്. ഈ പട്ടികയില്‍ കുറുക്കന്‍മൂലയില്‍ പരിഭ്രാന്തി പരത്തുന്ന കടുവ ഉള്‍പ്പെട്ടിട്ടില്ല. കര്‍ണാടകയിലെ പട്ടികയില്‍ ഉള്‍പ്പെട്ടതാണോ എന്ന് നാളെ അറിയാമെന്ന് ഉത്തര മേഖല സിസിഎഫ് ഡി .കെ വിനോദ് കുമാര്‍ പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തില്‍ നിന്ന് കൊണ്ടുവന്ന രണ്ടു കുങ്കിയാനകളും കടുവയ്ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.