കടുവാ ഭീതിയിൽ വിറങ്ങലിച്ച് ജനവാസ കേന്ദ്രങ്ങൾ ; കുറുക്കൻമൂലയിൽ ഇന്ന് പുലർച്ചെയും കടുവ നാട്ടിലിറങ്ങി , കാൽപ്പാടുകൾ കണ്ടെത്തി
1 min readകടുവാ ഭീതിയിൽ വിറങ്ങലിച്ച് ജനവാസ കേന്ദ്രങ്ങൾ ; കുറുക്കൻമൂലയിൽ ഇന്ന് പുലർച്ചെയും കടുവ നാട്ടിലിറങ്ങി , കാൽപ്പാടുകൾ കണ്ടെത്തി
മാനന്തവാടി: കുറുക്കന്‍മൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചില്‍ തുടരവേ ഇന്നും പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കുറുക്കന്‍മൂലയിലെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ കടുവ തമ്പടിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.
വനം വകുപ്പിന്റെയും പൊലീസിന്റെയും വന്‍ സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് കുങ്കിയാനകളുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെ അല്‍പ്പസമയത്തിനകം തെരച്ചില്‍ തുടരും. വനം വകുപ്പ് ഇന്നലെ പുറത്തുവിട്ട കടുവയുടെ ചിത്രത്തില്‍ നിന്ന് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതായി വ്യക്തമായിരുന്നു. മുറിവുകളുള്ള കടുവ കാട്ടില്‍ ഇര തേടാന്‍ കഴിയാതെ ജനവാസ മേഖലയില്‍ തമ്പടിച്ചതായാണ് നിഗമനം. ഇതുവരെ 14 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വളര്‍ത്ത് മൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നത് വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
കടുവയെ പൂട്ടാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചു കൂടുകളൊരുക്കി കാത്തിരിപ്പ് തുടരുകയാണ്. 56 കാമറക്കണ്ണുകള്‍ കടുവയെ തേടി രാവും പകലും കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നു. ഒത്തുകിട്ടിയാല്‍ മയക്കുവെടിവെക്കാന്‍ വിദഗ്ധ സംഘവും സജ്ജം. പക്ഷേ, എല്ലാവരെയും ‘പറ്റിച്ച്’ കടുവ ഒളിച്ചുകളി തുടരുന്നു. എന്നാല്‍, സ്ഥാപിച്ച കാമറകളില്‍ ഒന്നില്‍ രാത്രി കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കഴുത്തില്‍ മുറിവേറ്റ നിലയിലാണ്. 17 ദിവസമായി നാടിന്റെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാനായി കുങ്കിയാനകളെ എത്തിച്ച് തിരച്ചിലും തുടങ്ങി.
ചൊവ്വാഴ്ച വൈകീട്ട്. 6.30 ഓടെയാണ് മുത്തങ്ങയില്‍ നിന്ന് കല്ലൂര്‍, വടക്കനാട് കൊമ്പന്മാരേയാണ് എത്തിച്ചത്. ഒന്നിനെ കുറുക്കന്‍മൂല വനാതിര്‍ത്തിയിലും രണ്ടാമത്തേതിനെ പടമല പാറേക്കാട്ടില്‍ അന്നക്കുട്ടിയുടെ വീടിന് സമീപത്തെ സ്വകാര്യ തോട്ടത്തിലുമാണ് വിന്യസിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച മുതല്‍ ഡ്രോണ്‍ നിരീക്ഷണവും ആരംഭിച്ചു. നേരത്തേ, കൊന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങളാണ് കടുവയെ കുടുക്കാന്‍ കൂട്ടില്‍ ഇരയായി വെച്ചിരുന്നത്. ഒടുവില്‍ അതുമാറ്റി ജീവനുള്ള ആടുകളെത്തന്നെ ഇരയായി ഒരുക്കിയിട്ടും കടുവ കൂടുകളിലേക്ക് ‘തിരിഞ്ഞുനോക്കുന്നില്ല’. വനപാലകസംഘത്തിന് എല്ലാ സഹായവുമായി നാട്ടുകാരുമുണ്ടെങ്കിലും ആരുടെയും കണ്ണില്‍പെടാതെയാണ് രാത്രി കടുവ പ്രദേശത്ത് എത്തുന്നത്. കാമറകളിലും കടുവയുടെ ദൃശ്യങ്ങള്‍ പതിയുന്നില്ലെന്നതും ആളുകള്‍ക്ക് അതിശയമാവുന്നു. ഇര തേടാനായി നാട്ടിലിറങ്ങുന്ന കടുവയെ വൈകാതെ കൂട്ടിലടക്കാനാവുമെന്ന പ്രത്യാശയിലാണ് ഇപ്പോഴും വനംവകുപ്പ്.