ബീനാച്ചി – പനമരം റോഡിൽ വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു; നാട്ടുകാർ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെ റോഡിൽ തടഞ്ഞു
1 min readബീനാച്ചി – പനമരം റോഡിൽ വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു; നാട്ടുകാർ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെ റോഡിൽ തടഞ്ഞു
പനമരം: വാട്ടർ അതോറിറ്റി കുഴിച്ച വലിയ കുഴിയിൽ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോയാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു. കോളേരി പടിഞ്ഞാറോട്ട് ജയൻ, മാതാവ് അന്നമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ജയന് വാരിയെല്ലിനും അന്നമ്മയ്ക്ക് താടിയെല്ലിനും ഗുരുതര പരിക്കേറ്റു.
ഞായറാഴ്ച രാത്രി കേണിച്ചിറയിൽ നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് മൂന്നാനക്കുഴിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഇവിടെ റോഡിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്കൊഴുകാൻ തുടങ്ങിയതോടെ ഞായറാഴ്ച വാട്ടർ അതോറിറ്റി കുഴി എടുത്തിരുന്നു. എന്നാൽ കുഴി മൂടിയില്ല. വൈകുന്നേരം റോഡിൽ കുഴിയുള്ളതറിയാതെ അതു വഴി വന്ന ഓട്ടോ കുഴിയിൽ ചാടി അപകടത്തിൽപ്പെടുകയായിരുന്നെന്ന് നാട്ടുകാർ ന്യൂസ് ടുഡെ വയനാടിനോട് പറഞ്ഞു. തുടർന്ന് പരിക്കേറ്റ ജയനെയും അമ്മയെയും ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേർന്ന് കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെ മൂന്നാനക്കുഴിയിൽ വെച്ച് തടഞ്ഞു. വിഷയം രൂക്ഷമായതോടെ സ്ഥലം എം.എൽ.എ ഐ.സി ബാലകൃഷ്ണനും കേണിച്ചിറ പോലീസും സ്ഥലത്തെത്തി. ചർച്ചയ്ക്കൊടുവിൽ തകർന്ന ഓട്ടോ നന്നാക്കാനുള്ള ചിലവ് റോഡിന്റെ കരാറ്കാരനും പരിക്കേറ്റ രണ്ടു പേർക്കുള്ള ചികിത്സാ ചിലവ് വാട്ടർ അതോറിറ്റിയും നൽകണമെന്ന് വ്യവസ്ഥയായി. ഇതോടെയാണ് ആളുകൾ പിരിഞ്ഞു പോയത്.
അപകടത്തിനിടയാക്കിയത് വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണെന്ന് സിജീഷ് കോളേരി, സജിത്ത് പൂക്കുല പറമ്പിൽ , സുരേന്ദ്രൻ തട്ടക്കൊല്ലി എന്നിവർ ആരോപിച്ചു. റോഡ് നിർമാണത്തിന് മുമ്പേ തീർക്കേണ്ട പ്രവൃത്തികൾ വാട്ടർ അതോറിറ്റി വൈകിപ്പിച്ചതിനാലാണ് അപകടമുണ്ടായതെന്നും ഇവർ പറയുന്നു.