നെല്ലിയമ്പം ഇരട്ടക്കൊല ; പോലീസ് കുറ്റപത്രം സമർപ്പിച്ചു , കേസിൽ 103 സാക്ഷികൾ
1 min readനെല്ലിയമ്പം ഇരട്ടക്കൊല ; പോലീസ് കുറ്റപത്രം സമർപ്പിച്ചു , കേസിൽ 103 സാക്ഷികൾ
പനമരം : നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രനാണ് തിങ്കളാഴ്ച മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രതി നെല്ലിയമ്പം കായക്കുന്ന് കുറുമകോളനിയിലെ അർജുൻ (24) പിടിയിലായി 82-ാമത്തെ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. 2800 പേജുള്ളതാണ് കുറ്റപത്രം. 103 സാക്ഷികളാണ് കേസിലുള്ളതെന്ന് പോലീസ് പറഞ്ഞു. കേസിൽ 82 രേഖകളും 86 മുതലുകളും കോടതിയിൽ ഹാജരാക്കി.
ജൂൺ പത്തിന് രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം നടന്നത്. നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് വെട്ടേറ്റുമരിച്ചത്. കൊലപാതകം നടന്ന് മൂന്നുമാസത്തിനുശേഷം സെപ്റ്റംബർ 16-നാണ് പ്രതി, അയൽവാസി തന്നെയായ അർജുൻ പിടിയിലാവുന്നത്. തുടക്കത്തിൽ വലിയ തുമ്പില്ലാതിരുന്ന കേസ് പോലീസിന് വെല്ലുവിളിയായിരുന്നു.
അഞ്ചുലക്ഷം ഫോൺകോളുകൾ പരിശോധിച്ചും ജില്ലയ്ക്ക് അകത്തും പുറത്തുമായി മൂവായിരത്തോളം കുറ്റവാളികളെ നിരീക്ഷിച്ചുമായിരുന്നു അന്വേഷണം. 150 സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. തുടർന്ന് നാട്ടുകാരെ ചോദ്യംചെയ്യുന്ന കൂട്ടത്തിൽ വിളിപ്പിച്ച അർജുന്റെ മൊഴികളിലെ വൈരുധ്യമാണ് പ്രതിയെന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചത്.
സെപ്റ്റംബർ ഒമ്പതിന് പോലീസ് ചോദ്യം ചെയ്യുന്നതിനിടെ വിഷം കഴിച്ച് അർജുൻ ആശുപത്രിയിലായിരുന്നു. ചികിത്സ കഴിഞ്ഞതോടെ 16-ന് വീണ്ടും അർജുനെ ചോദ്യംചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. മോഷണത്തിനായി വീട്ടിൽ കയറിയത് വീട്ടുകാർ കണ്ടതിനെത്തുടർന്ന് പ്രതി ആക്രമണത്തിന് മുതിരുകയായിരുന്നു.
എന്നാൽ, വീട്ടിൽനിന്ന് ഒന്നും മോഷണംപോയതായി കണ്ടെത്താനായിട്ടില്ല. കേശവൻ സംഭവസ്ഥലത്തും പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു. ചോദ്യം ചെയ്യലിൽ അർജുൻ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. അർജുൻ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.