പരുന്ത് വില്ലനായി : ചോമാടിയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു; ബൈക്ക് യാത്രികന് പരിക്ക്
പരുന്ത് വില്ലനായി : ചോമാടിയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു; ബൈക്ക് യാത്രികന് പരിക്ക്
കാര്യമ്പാടി : മീനങ്ങാടി – പച്ചിലക്കാട് റോഡിലെ ചോമാടിയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ചോമാടി മുട്ടത്തിൽ യാക്കോബ് (62) ആണ് മരിച്ചത്. റോഡരികിലായി വീടിന് സമീപത്തെ മരത്തിൽ നിന്നും കൂട്ടമായെത്തിയ തേനീച്ച ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഉടൻ മീനങ്ങാടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. മരത്തിന് മുകളിലെ തേനീച്ചക്കൂടിൽ പരുന്ത് കൊത്തി തേനീച്ചകൾ ഇളകി യാക്കോബിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവ സമയം അതു വഴി ബൈക്കിൽ പോവുകയായിരുന്ന നാദാപുരം സ്വദേശി കൃഷ്ണദാസിന് നേരെയും തേനീച്ചയുടെ ആക്രമണമുണ്ടായി. ഇദ്ദേഹത്തെ മീനങ്ങാടി ആരോഗ്യയിലും തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൃഷ്ണദാസും സുഹൃത്തുമായിരുന്നു ബൈക്കിലുണ്ടായിരുന്നത്. ഇദ്ദേഹത്തിനും കുത്തേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല.
റോഡരികിലെ കൂറ്റൻ മരത്തിന് മുകളിലെ ചില്ലയിലാണ് തേനീച്ചക്കൂടുള്ളത്. രാത്രി ഏഴുമണിയോടെ കൽപ്പറ്റ സെക്ഷനിലെ വനപാലകരും , അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി തേനീച്ചക്കൂട് നശിപ്പിച്ചു. യാക്കോബിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏലിയാമ്മയാണ് ഭാര്യ. മക്കൾ: മത്തായി, ആനി, ജൂബി. മരുമക്കൾ: ലാലു, ജെയിംസ്, ജെസ്സി.