ജില്ലയിൽ സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ ഡിസംബര്‍ 11 ന് ആരംഭിക്കും
ജില്ലയിൽ സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ ഡിസംബര്‍ 11 ന് ആരംഭിക്കും
സംസ്ഥാന സാക്ഷരതാ മിഷന്‍ ആദിമുഖ്യത്തില്‍ വയനാട് ജില്ലയില്‍ നടത്തിയ സമ്പൂര്‍ണ ആദിവാസി സാക്ഷരതാ പരീക്ഷ ‘മികവുത്സവം’ ഊരുകളില്‍ ഡിസംബര്‍ 11 ന് ആരംഭിക്കും. പരീക്ഷക്ക് വേണ്ടിയുള്ള ജില്ലാതലത്തിലുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 11 മുതല്‍ 19 വരെയാണ് പരീക്ഷ നടക്കുക.
2019 ല്‍ നടന്ന സര്‍വ്വെയില്‍ കണ്ടെത്തിയ 24,472 പേരെ ലക്ഷ്യമിട്ട് നടത്തിയ ക്ലാസുകളില്‍ 19,772 പേരാണ് പങ്കെടുത്തത്. പണിയ വിഭാഗക്കാരായ 924 ആദിവാസി സാക്ഷരത ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടന്നത്. മാനന്തവാടി ബ്ലോക്കില്‍ നിന്ന് 6105 പേരും പനമരം ബ്ലോക്കില്‍ നിന്ന് 5123 പേരും കല്പറ്റ ബ്ലോക്കില്‍ നിന്ന് 3734 പേരും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ നിന്ന് 4810 പേരുമാണ് പരീക്ഷക്ക് തയ്യാറെടുക്കുന്നത്.കോവിഡ് മൂലം രണ്ട് തവണ നിലച്ച ക്ലാസുകളാണ് നവംബറില്‍ പുനരാരംഭിച്ച് ഡിസംബറില്‍ പരീക്ഷ നടത്തുന്നത്.
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുത്ത് ക്ലാസുകള്‍ നടത്തിയിരുന്നത്. ജില്ലയിലെ പ്രേരക്മാര്‍ക്കും, പദ്ധതിക്കായി തിരഞ്ഞെടുത്ത പഞ്ചായത്ത്തല കോ-ഓര്‍ഡിനേര്‍ക്കും പദ്ധതിയുടെ കോ – ഓര്‍ഡിനേഷന്‍ ചുമതല നല്‍കിയിരുന്നു. 2019 ല്‍ ജില്ലയില്‍ 2443 ആദിവാസി കോളനികളില്‍ നടത്തിയ സര്‍വേയില്‍ 24,472 നിരക്ഷരരായ ആദിവാസികളെയാണ് കണ്ടെത്തിയത്. ഇതില്‍ 8923 പുരുഷന്മാരും, 15, 549 സ്ത്രീകളുമാണ്. അതത് ആദിവാസി ഊരില്‍ നിന്ന് 1223 ഇന്‍സ്‌ക്ടര്‍മാരെയും പഞ്ചായത്ത് കണ്ടെത്തി.
2021 ഫെബ്രുവരി, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി 18,872 പേര്‍ ക്ലാസിലെത്തിയിരുന്നു. ഒരു ഘട്ടത്തില്‍ 22000 പരം പഠിതാക്കള്‍ ക്ലാസിലെത്തിയിരുന്നു. സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഒന്നാം ഘട്ടത്തില്‍ 2017 – 18 ല്‍ 300 ആദിവാസി ഊരുകള്‍ തിരഞ്ഞെടുത്ത് 5458 നിരക്ഷരരെ കണ്ടെത്തിയിരുന്നു. ഇതില്‍ 4865 ആദിവാസികള്‍ ക്ലാസിലെത്തുകയും പരീക്ഷ എഴുതുകയും ചെയ്തു. 4309 പേരാണ് വിജയിച്ചത്. ശേഷം 2018 – 19 ല്‍ രണ്ടാംഘട്ടത്തില്‍ 200 ഊരുകള്‍ തെരെഞ്ഞെടുത്ത് 4324 നിരക്ഷരരെ കണ്ടെത്തി. 3487 പേര്‍ ക്ലാസിലെത്തുകയും 3179 പേര്‍ പരീക്ഷ എഴുതുകയും ചെയ്തു. 2993 പേരാണ് വിജയിച്ചത്. ശേഷമാണ് സമ്പൂര്‍ണ ആദിവാസി സാക്ഷരതാ പദ്ധതി ആരംഭിച്ചത്.