വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; അബദ്ധത്തിലുണ്ടായ അപകടമല്ലെന്ന് കണ്ടെത്തൽ : വെടികൊണ്ടത് ദൂരെ നിന്നാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; അബദ്ധത്തിലുണ്ടായ അപകടമല്ലെന്ന് കണ്ടെത്തൽ : വെടികൊണ്ടത് ദൂരെ നിന്നാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കമ്പളക്കാട് : വണ്ടിയാമ്പറ്റയിൽ നെല്‍വയലില്‍ വെടിയേറ്റ് മരിച്ച യുവാവിന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കോട്ടത്തറ സ്വദേശി ജയന്‍ വെടിയേറ്റു മരിച്ചത് തോക്കില്‍ തിര നിറക്കുന്നതിനിടെ അബദ്ധത്തിലുണ്ടായ അപകടമല്ലെന്ന കണ്ടെത്തലാണ് പുറത്തുവന്നത്.
ജയന് വെടികൊണ്ടത് ദൂരെ നിന്നാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. രാത്രി നെല്‍പാടത്ത് കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയ സംഘത്തിന്‍റെ വെടിയേറ്റാണ് ജയന്‍ മരിച്ചതെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്. കേസിലെ ദുരൂഹത മാറ്റാനായി കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്തില്‍ 15 അംഗ അന്വേഷണ സംഘം രൂപീകരിച്ചു.
ബാലസ്റ്റിക് വിദഗ്ധരുടെയടക്കം സഹായം തേടിയുള്ളതാകും അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച ജയന്‍റെ മൃതദേഹത്തില്‍ നിന്നും വെടിയേറ്റ് പരിക്കേറ്റ ഷരുണിന്‍റെ ശരീരത്തില്‍ നിന്നും ഓരോ വെടിയുണ്ടകള്‍ വീതം കണ്ടെടുത്തിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ ദുരൂഹതകളേറെയെന്ന് വ്യക്തമാക്കിയ പോലീസ് ശാസ്ത്രീയ പരിശോധനയില്‍ പ്രതീക്ഷ വയ്ക്കുകയാണ്.
തോക്കില്‍ തിര നിറക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ന്നതാണോയെന്ന സംശയത്തിലായിരുന്നു ആദ്യം പോലീസിനുണ്ടായിരുന്നത്. എന്നാൽ കാട്ടുപന്നിയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ അജ്ഞാത സംഘംⁿᵉʷˢ ᵗᵒᵈᵃʸ ʷᵃʸᵃⁿᵃᵈ വെടിവെച്ചെന്നാണ് ജയനോടൊപ്പമുണ്ടായിരുന്നവരുടെ മൊഴി. ജയന്‍ വെടിയേറ്റ് മരിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റ ബന്ധു ഷരുണിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഷരുണിന്റെ ആരോഗ്യനില ഗുരുതമാണെന്നാണ് വിവരം
കോട്ടത്തറ പഞ്ചായത്തിലെ വണ്ടിയാമ്പറ്റയിലെ നെല്‍പാടത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രിയോടെയാണ് കോട്ടത്തറ മെച്ചനയിലെ നാലംഗ സംഘം ശരുണിന്റെ ഉടമസ്ഥതയിലുള്ള നെല്‍പാടത്ത് എത്തിയത്. വെടിയേറ്റ് വീണ ജയനെ കൂടെയുണ്ടായിരുന്ന ചന്ദ്രപ്പന്‍, കുഞ്ഞിരാമന്‍ എന്നിവര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ജയനടക്കമുള്ള നാലംഗ സംഘം സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെയും വെടിവയ്പ്പ് നടന്ന നെല്‍പാടത്തിന് സമീപത്തെ നാട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.