മാനന്തവാടി – മട്ടന്നൂർ നാലുവരിപ്പാത
സർവേ പൂർത്തിയായി; പാൽച്ചുരത്തിൽ രണ്ടുവരിപ്പാത മാത്രം
മാനന്തവാടി – മട്ടന്നൂർ നാലുവരിപ്പാത
സർവേ പൂർത്തിയായി; പാൽച്ചുരത്തിൽ രണ്ടുവരിപ്പാത മാത്രം
മാനന്തവാടി: നിര്‍ദിഷ്ട മാനന്തവാടി-മട്ടന്നൂര്‍ വിമാനത്താവള നാലുവരി റോഡിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ കൊട്ടിയൂര്‍ – പാല്‍ചുരം വയനാട് ചുരത്തില്‍ രണ്ടുവരി മാത്രം. വനഭൂമി വിട്ടുകിട്ടാത്തതാണ് ഇവിടെ നാലുവരിയാക്കാത്തതിന് കാരണം. റോഡിന്റെ അലൈൻമെന്റും പ്ലാനും അടങ്കലും ഈ ആഴ്ചയോടെ കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എൻജിനിയർക്ക് സമർപ്പിക്കും. അനുമതിലഭിച്ചാൽ ഉടൻ റവന്യൂവകുപ്പ് റോഡ് നിർമിക്കാനായി നഷ്ടമാകുന്ന ഭൂമി, വീടുകൾ, മറ്റു കെട്ടിടങ്ങൾ തുടങ്ങിയവയുടെ കൃത്യമായ കണക്കെടുപ്പ് നടത്തി ഭൂമി ഏറ്റെടുക്കൽ തുടങ്ങും.
58 കിലോമീറ്റർ ദൂരമാണ് മട്ടന്നൂർ-മാനന്തവാടി നാലുവരിപ്പാതയ്ക്കുണ്ടാവുക. പ്ലാനിന് അനുമതി ലഭിച്ചാൽ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തികൾ നിർണയിക്കും. നാലുവരിപ്പാതയിൽ അമ്പായത്തോട് – ബോയ്സ് ടൗൺ വരെയുള്ള പാൽച്ചുരംഭാഗം രണ്ടുവരിയായാണ് നിർമിക്കുക. വനഭൂമി വിട്ടുകിട്ടാത്തതാണ് ഇവിടെ നാലുവരിയാക്കാത്തതിന് കാരണം.
മാനന്തവാടി വരെ ബാക്കിയുള്ള ഭാഗങ്ങളും നാലുവരിപ്പാതയാക്കും. മട്ടന്നൂർ മുതൽ അമ്പായത്തോടുവരെ 40 കിലോമീറ്റർ ദേശീയ പാത മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നാലുവരിപ്പാത നിർമിക്കുക. അമ്പായത്തോട് മുതൽ മാനന്തവാടിവരെയുള്ള 18 കിലോമീറ്റർ മലയോരഹൈവേ നിർമാണത്തിലും ഉൾപ്പെടുത്തും.
നാലുവരിപ്പാതയിൽ കേളകത്ത് ബൈപ്പാസ് റോഡ് നിർമിക്കുന്നതിൽ നേരത്തേ തീരുമാനമായിരുന്നില്ല. തുടർന്ന് കേരള റോഡ് ഫണ്ട് ബോർഡ് അസി. എക്സി. എൻജിനിയർ പി. സജിത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി ബൈപ്പാസ് തീരുമാനിക്കുകയായിരുന്നു.
കേളകം മഞ്ഞളാംപുറം യു.പി. സ്കൂളിന് സമീപത്തുനിന്ന് ഗ്രൗണ്ടിനരികിലൂടെ തുടങ്ങി സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പരിസരത്തുകൂടി കടന്ന് കെ.എസ്.ഇ.ബി. ഓഫീസ് സമീപത്തുകൂടി അടക്കാത്തോട് റോഡ് മുറിച്ചുകടന്ന് കേളകം വില്ലേജ് ഓഫീസിന് സമീപം എത്തിച്ചേരുന്ന രീതിയിലാവും ബൈപ്പാസ് നിർമിക്കുക.
ഇതിൽ അടയ്ക്കാത്തോട് റോഡ് മുറിച്ചുകടക്കുന്നഭാഗത്ത് സർക്കിൾ നിർമിക്കും. തുടക്കത്തിൽ കേളകത്ത് ബൈപ്പാസിനായി രണ്ടു സാധ്യതകൾ പരിഗണിച്ചിരുന്നു. നിലവിൽ അംഗീകരിച്ചതിനുപുറമേ മഞ്ഞളാംപുറംടൗണിന് സമീപത്തുനിന്നു തുടങ്ങി മൂർച്ചിലക്കാട്ട് ക്ഷേത്രപരിസരംവഴി കേളകം വില്ലേജ് ഓഫീസിന് സമീപം എത്തുന്ന വിധത്തിലായിരുന്നു രണ്ടാമത്തെ സാധ്യത. എന്നാൽ, ഈ സാധ്യതയിൽ കൂടുതൽ കെട്ടിടങ്ങളും വീടുകളും ഏറ്റെടുക്കേണ്ടതിനാലും ദൂരക്കൂടുതലുള്ളതിനാലും ഒഴിവാക്കുകയായിരുന്നു.
പേരാവൂരിലും ബൈപ്പാസ് സാധ്യതയാണ് നാലുവരിപ്പാതയ്ക്കായി പരിഗണിക്കുന്നത്. ബൈപ്പാസ് പരിശോധനകൾ തുടങ്ങിയതോടെ നിർദിഷ്ട ബൈപ്പാസ് കടന്നുപോകുന്ന സ്ഥലങ്ങളിലെ താമസക്കാർ ആശങ്കയിലാണ്. നിലവിലുള്ള റോഡ് വീതികൂട്ടി നാലുവരിപ്പാത നിർമിക്കുമ്പോൾ കേളകം ടൗണിൽമാത്രം നിരവധി കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടിവരുന്നതിനാലാണ് ബൈപ്പാസ് സാധ്യത പരിഗണിച്ചത്. ഇത് താരതമ്യേന കുറഞ്ഞ നഷ്ടമുണ്ടാക്കുന്നതാണെന്നാണ് വിദഗ്ധർ പറയുന്നത്.