സിപിഎമ്മിന്റെ സംസ്ഥാനത്തെ ആദ്യ വനിത ഏരിയാ സെക്രട്ടറിയായി അമ്പലവയൽ സ്വദേശിനി എന്‍.പി.കുഞ്ഞുമോൾ
സിപിഎമ്മിന്റെ സംസ്ഥാനത്തെ ആദ്യ വനിത ഏരിയാ സെക്രട്ടറിയായി അമ്പലവയൽ സ്വദേശിനി എന്‍.പി.കുഞ്ഞുമോള്‍
ബത്തേരി: സി.പി.എമ്മിന്റെ സംസ്ഥാനത്തെ ആദ്യ വനിത ഏരിയാ സെക്രട്ടറിയായി എന്‍.പി.കുഞ്ഞുമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ബത്തേരി ഏരിയാ കമ്മിറ്റി വിഭജിച്ച് രൂപീകരിച്ച മീനങ്ങാടി ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയാണ് 54-കാരിയായ കുഞ്ഞുമോളെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു.
നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയിലെ ചാരുംമൂട് ഏരിയാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയില്‍ ജി. രാജമ്മ നിര്‍വഹിച്ചിരുന്നു. പക്ഷേ സമ്മേളത്തിലൂടെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്ന ആദ്യ വനിത കുഞ്ഞുമോളാണ്.
ഇവര്‍ അമ്പലവയല്‍ അത്തിച്ചാല്‍ സ്വദേശിയാണ്. കൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. ഇത്തവണ ജില്ലാ പഞ്ചായത്ത് തോമാട്ടുചാല്‍ ഡിവിഷനിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. വയനാട് ജില്ലാ പഞ്ചായത്തംഗമായിരുന്നു. ഒരുപാട് തവണ പ്രക്ഷോഭങ്ങള്‍ നയിക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തു.
അമ്പലവയലിലെ സര്‍വ്വീസ് സഹകരണബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റും കൂടിയാണ് കുഞ്ഞുമോള്‍. മറ്റത്തില്‍ പൈലിക്കുഞ്ഞാണ് ഭര്‍ത്താവ്. എസ്.എഫ്.ഐ. ജില്ലാപ്രസിഡന്റുമാരായ സജോണും സൈവജയുമാണ് മക്കള്‍.