തലശ്ശേരി – മൈസൂര്‍ റെയില്‍പാത; സംഘം ബത്തേരിയിലെത്തി, സർവ്വേ ഇന്നാരംഭിക്കും
തലശ്ശേരി – മൈസൂര്‍ റെയില്‍പാത; സംഘം ബത്തേരിയിലെത്തി, സർവ്വേ ഇന്നാരംഭിക്കും
സുല്‍ത്താന്‍ ബത്തേരി: തലശ്ശേരി – മൈസൂര്‍ റെയില്‍പാതയ്ക്കുള്ള ഹെലിബോണ്‍ സര്‍വ്വേ ഇന്ന് ആരംഭിക്കും. ഇതിനായി ജയ്പ്പൂരില്‍ നിന്നുളള സര്‍വേ സംഘം സുല്‍ത്താന്‍ ബത്തേരിയില്‍ എത്തി. കാലാവസ്ഥ അനുകൂലമാണങ്കില്‍ സര്‍വ്വേയുടെ ഭാഗമായുള്ള ഹെലിബോണ്‍ ജ്യോഗ്രഫിക്കല്‍ മാപ്പിങ് ഇന്നു മുതല്‍ നടക്കും.
കൊങ്കണ്‍ റെയിവേ കോര്‍പ്പറേഷനുവേണ്ടി ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷനല്‍ ജ്യോഗ്രഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പാതയുടെ ഹെലിബോണ്‍ സര്‍വ്വേ നടത്തുന്നത്. ഈ സര്‍വ്വേയ്ക്കായുള്ള ഹെലികോപ്റ്ററും ജീവനക്കാരും തിങ്കളാഴ്ച മൂന്ന് മണിയോടെ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിനു സമീപമുള്ള ഹെലിപ്പാഡില്‍ എത്തി. ജി.പി.എസ് അടക്കമുള്ള സംവിധാനങ്ങള്‍ ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചായിരിക്കും സര്‍വേ.
ജി.പി.എസ് ഘടിപ്പിച്ചിട്ടുള്ള ആധുനിക സംവിധാനങ്ങളും രണ്ട് ദിവസംമുമ്പ് ഹെലിപ്പാഡില്‍ തയ്യാറാക്കിയിരുന്നു. ഈ ട്രാക്കര്‍ ഉപയോഗിച്ചായിരിക്കും സര്‍വേ നടക്കുക.
ഡെന്‍മാര്‍ക്കില്‍ നിന്നുള്ള വിദഗ്ധന്‍മാരും സുല്‍ത്താന്‍ ബത്തേരിയിലെത്തിയ സര്‍വ്വേ സംഘത്തിനൊപ്പമുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ പത്ത് ദിവസത്തിനുളളില്‍ സര്‍വേ പൂര്‍ത്തിയാകുമെന്നുമാണ് അറിയുന്നത്.
സര്‍വ്വേ അധികൃതരുടെ നിര്‍ദേശ പ്രകാരം ഒരാഴ്ച മുമ്പേ ഹെലിപ്പാഡ് വേലികെട്ടി സംരക്ഷിച്ചുവരുകയാണ്. ഇവിടെ സുരക്ഷാജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.