October 13, 2024

ഇരുമനത്തൂരിൽ കാട്ടുപോത്തുകൾ വാഴകൃഷി നശിപ്പിച്ചു; പൊറുതിമുട്ടി കർഷകർ

Share

ഇരുമനത്തൂരിൽ കാട്ടുപോത്തുകൾ വാഴകൃഷി നശിപ്പിച്ചു; പൊറുതിമുട്ടി കർഷകർ

പേര്യ: ഇരുമനത്തൂരിലും പരിസര പ്രദേശങ്ങളിലും കാട്ടുപോത്ത് ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ പേരുടെ വാഴ കൃഷി കാട്ടുപോത്തുകൾ നശിപ്പിച്ചു. ഇരുമനത്തൂർ വയ്യോട് പ്രദേശത്തെ രഞ്ജീഷ് കല്ലടയിൽ, ബിനു നടക്കേ മീത്തേൽ, ബിനു പീറ്റർ പഴയങ്കോട്ടിൽ എന്നിവരുടെ വാഴത്തോട്ടമാണ് കാട്ടുപോത്തുകൾ നശിപ്പിച്ചത്.

കുന്നോത്ത് ഷിനോജിൻ്റെ പാവൽ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. കൂട്ടമായെത്തിയ കാട്ടുപോത്തുകളാണ് വാഴ തിന്നും ചവിട്ടിയും നശിപ്പിച്ചത്. വലിയ നഷ്ടമാണ്
കർഷകർക്കുണ്ടായത്. രാപകൽ ഭേദമില്ലാതെയാണ് കാട്ടുപോത്തുകൾ ഇരുമനത്തൂരിലെ കൃഷിയിടത്തിലിറങ്ങുന്നത്. ഇരുമനത്തൂർ വനത്തിൽ വർഷങ്ങളായി കാട്ടുപോത്തുകൾ വിഹരിക്കുകയാണ്. കർഷകരുടെ ആവശ്യപ്രകാരം വനം വകുപ്പ് ഈ പ്രദേശത്ത് മാസങ്ങൾക്ക് മുമ്പ് വൈദ്യുത കമ്പിവേലി സ്ഥാപിച്ചിരുന്നു. എന്നാൽ വനം വകുപ്പ് വൈദ്യുത കമ്പിവേലി സ്ഥാപിച്ചത് അശാസ്ത്രീയമായ രീതിയിലാണെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു.

വനാതിർത്തിയിൽ കൂടി സ്ഥാപിക്കേണ്ട കമ്പിവേലി വനത്തിന് നടുവിലൂടെയാണ് സ്ഥാപിച്ചതെന്ന് കർഷകർ പറയുന്നു. കാട്ടുപോത്തുകൾക്ക് കൃഷിയിടത്തിൽ യാതൊരു തടസവുമില്ലാതെ ഇപ്പോഴും എത്താൻ കഴിയുന്നുണ്ട്. പ്രദേശത്ത് സ്ഥാപിച്ച വൈദ്യുതി കമ്പിവേലി കൊണ്ട് കർഷകർക്ക് യാതൊരു പ്രയോജനമില്ലെന്നാണ് കർഷകരുടെ ആരോപണം. കാട്ടുപോത്തുകൾക്കൊപ്പം കാട്ടുപന്നികൾ, കുരങ്ങുകൾ എന്നിവയുടെ ശല്യവും ഇവിടെ രൂക്ഷമാണ്. ഇവ പകൽ സമയത്ത് കൃഷിയിടത്തിൽ ഇറങ്ങുമ്പോൾ പടക്കം പൊട്ടിച്ച് തുരത്തി ഓടിക്കുകയാണ് പതിവ്.

എന്നാൽ കാട്ടുപോത്തുകൾ കൂടുതലായും കൃഷിയിടത്തിലെത്തുന്നത് രാത്രി കാലങ്ങളിലാണ്. കുരങ്ങുശല്യം കൊണ്ടും കർഷകർ ഏറെ വലയുന്നുണ്ട്. കുരങ്ങുകളെ ഓടിച്ചുവിട്ടാലും നിമിഷങ്ങൾക്കകം വീണ്ടുമെത്തും. വാഴ, ഇഞ്ചി, കപ്പ തുടങ്ങിയ എല്ലാ വിളകളും വന്യമൃഗങ്ങൾ നശിപ്പിക്കുന്നത് തുടർകഥയാകുകയാണ്. കൃഷിയിടത്തിന് ചുറ്റും വല കെട്ടിയാണ് ചില കർഷകർ ഇവിടെ കൃഷിയെ സംരക്ഷിക്കുന്നത്. എന്നാൽ വല കാട്ടുപോത്തുകൾ കുത്തിക്കീറി നശിപ്പിച്ച് കൃഷിയിടത്തിലെത്തുന്നുണ്ട്. അതുകൊണ്ടു തന്നെ മുഴുവൻ സമയവും കൃഷിയിടത്തിന് കാവലിരിക്കേണ്ട സ്ഥിതിയാണ് കർഷകർക്ക്.

വന്യമൃഗ ശല്യം രൂക്ഷമായതോടെ പല കർഷകരും ഇവിടെ കൃഷി തന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. കൃഷിയ്ക്ക് ചെലവാക്കുന്ന തുകയേക്കാൾ കൂടുതൽ കൃഷി സംരക്ഷിക്കാൻ വേണ്ടി വരുന്നുണ്ടെന്ന് കർഷകർ പറയുന്നു. നഷ്ട പരിഹാരത്തിന് അപേക്ഷ നൽകിയാൽ നാമ മാത്ര തുക മാത്രമെ വനം വകുപ്പിൽ നിന്ന് ലഭിക്കുന്നുള്ളുവെന്നാണ് കർഷകരുടെ ആരോപണം. ചിലപ്പോൾ അതും ലഭിക്കാറില്ലെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി ഇരുമനത്തൂരീൽ കർഷകർ നേരത്തെ ജനകീയ സമിതി രൂപവത്കരിച്ചിരുന്നു. വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങുന്നത് തടയാൻ നടപടിയെടുക്കുകയും നശിപ്പിച്ച കൃഷിയ്ക്ക് നഷ്ടപരിഹാരം നൽകുകയും വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.