കുരുമുളകുവില ഉയരങ്ങളിലേക്ക് : കിലോക്ക് 535 രൂപ; റബർ വില ഒൻപതു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിൽ
കുരുമുളകുവില ഉയരങ്ങളിലേക്ക് : കിലോക്ക് 535 രൂപ; റബർ വില ഒൻപതു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിൽ
കുരുമുളകുവില വീണ്ടും ഉയരങ്ങളിലേക്ക്. വില കിലോക്ക് 535 രൂപയിലെത്തി. തമിഴ്നാട് സര്‍ക്കാര്‍ പൊങ്കല്‍ ആഘോഷത്തിന് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന കിറ്റില്‍ 50 ഗ്രാം കുരുമുളകുകൂടി നല്‍കുമെന്ന പ്രചാരണമാണ് കേരളത്തില്‍ വില ഉയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ക്കിടയിലെ ചര്‍ച്ച. ഈ ആവശ്യത്തിന് നല്‍കാന്‍ കുരുമുളക് തികയാത്തതിനാല്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ കേരളത്തില്‍നിന്ന് വന്‍തോതില്‍ കുരുമുളക് ശേഖരിക്കുന്നുണ്ട്. ജനുവരിയിലാണ് തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷം.
രണ്ടുമാസം മുമ്പ് കിലോക്ക് 430 രൂപയായിരുന്നു. കുരുമുളകിന്റെ എക്കാലത്തെയും ഉയര്‍ന്ന വില 2014 ല്‍ കിലോക്ക് 710 രൂപ ലഭിച്ചതാണ്. 2016 ജനുവരിയില്‍ വില കിലോക്ക് 640 രൂപ വരെ ഉയര്‍ന്നു. കേരളത്തില്‍ കിലോക്ക് 535 രൂപ ലഭിക്കുമ്ബോള്‍ കര്‍ണാടകയില്‍ കിലോക്ക് 560 വരെ വിലയുണ്ട്. ഇപ്പോഴത്തെ വില വര്‍ധന തുടര്‍ന്നും ലഭിക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
കിലോക്ക് ശരാശരി 110 രൂപയുടെ വര്‍ധനയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായത്. കുരുമുളക് വിപണിയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ കട്ടപ്പന മാര്‍ക്കറ്റില്‍ ശനിയാഴ്ച കിലോക്ക് 525 മുതല്‍ 535 രൂപയിലേക്ക് വരെ വില ഉയര്‍ന്നു. കൊച്ചി മാര്‍ക്കറ്റില്‍ ക്വിന്‍റലിന് 52,500 വരെ ഉയര്‍ന്നു.
ഈ വര്‍ഷം വിയറ്റ്നാമില്‍ കുരുമുളക് ഉല്‍പാദനം കുറയുമെന്ന സൂചനകളും വില ഉയരാന്‍ കാരണമാണ്. അന്തര്‍ദേശീയ വിപണിയില്‍ കുരുമുളകുവില വര്‍ധിക്കുമെന്ന സൂചനകളെത്തുടര്‍ന്ന് അടുത്തകാലത്ത് ചൈന വന്‍തോതില്‍ വിയറ്റ്നാം കുരുമുളക് ഇറക്കുമതി െചയ്തു. ഇതോടെ വിയറ്റ്നാം കുരുമുളക് വില അന്തര്‍ദേശീയ വിപണിയില്‍ ക്വിന്‍റലിന് 4500-5500 ഡോളറിലേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ കുരുമുളകിന് 5600 മുതല്‍ 6100 ഡോളര്‍ വരെ വിലയുണ്ട്.
കുരുമുളക് വിളവെടുപ്പ് സീസണ്‍ ആരംഭിക്കാന്‍ രണ്ടുമാസം കൂടി ശേഷിക്കേ വില ഇനിയും ഉയരുമെന്ന സൂചനയാണ് മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്നത്.
റബറിനും വില വര്‍ധന; ഒൻപതുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വില
കര്‍ഷകപ്രതീക്ഷ വര്‍ധിപ്പിച്ച് റബര്‍ വിലയിലെ വര്‍ധന തുടരുന്നു. ശനിയാഴ്ച റബര്‍വില കിലോക്ക് 185 രൂപയെത്തി. 2012 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. വരുംദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചന.
മഴ തുടര്‍ന്നാല്‍ വില 200 രൂപയില്‍ എത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 2013 ജൂലൈയില്‍ രേഖപ്പെടുത്തിയ 196 രൂപയെന്ന റെക്കോഡ് ഇത്തവണ മറികടന്നേക്കാമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുെവക്കുന്നു. മൂന്നുമാസം മുമ്ബ് വില 180 രൂപയിലെത്തിയെങ്കിലും പിന്നീട് താഴ്‌ന്നിരുന്നു.
ആഭ്യന്തര വിപണിയിലെ ദൗര്‍ലഭ്യവും ഇറക്കുമതി കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണം. ഒക്‌ടോബര്‍ ആദ്യം മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ ടാപ്പിങ് നിലച്ച അവസ്ഥയാണ്. നവംബര്‍ ആദ്യവാരത്തോടെ ടാപ്പിങ് പുനരാരംഭിക്കേണ്ടതാണെങ്കിലും മഴ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. എന്നാല്‍, ടാപ്പിങ് കാര്യമായി നടക്കാത്തതിനാല്‍ വില ഉയര്‍ന്നിട്ടും കര്‍ഷകര്‍ക്ക് വില്‍ക്കാന്‍ ഷീറ്റില്ലാത്ത സ്ഥിതിയാണ്.
ആര്‍.എസ്.എസ് നാലിന് റബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വിലയെക്കാള്‍ നാല്-അഞ്ച് രൂപ കുറച്ചാണ് കര്‍ഷകരില്‍നിന്ന് വ്യാപാരികള്‍ വാങ്ങുന്നത്. 180 രൂപക്കാണ് വ്യാപാരികള്‍ ശനിയാഴ്ച റബര്‍ വാങ്ങിയത്.