വയനാട്ടിലെ നോറോ വൈറസ് ; ഭയം വേണ്ട! ജാഗ്രത മതി
നോറോ വൈറസ് ഭയം വേണ്ട; ജാഗ്രത മതി
കൽപ്പറ്റ: ഇക്കഴിഞ്ഞ മാസങ്ങളിലായി പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ബാധിച്ചത് നോറോ വൈറസ് എന്ന് സ്ഥിരീകരണമെത്തിയതോടെ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി അധികൃതര്‍.
വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും നേരിട്ടും പകരുന്ന ഈ വൈറസ് പക്ഷേ, മാരകമല്ലെന്നാണ് സര്‍വകലാശാല, ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം. വയറിളക്കം, ഛര്‍ദി, മനംപിരട്ടല്‍ തുടങ്ങിയവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് മാറും. രോഗബാധിതനായ വ്യക്തിയില്‍നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങിനില്‍ക്കുകയും സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും.
കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യേ എല്ലാവരിലും വൈറസ് ബാധിക്കാം.
വൈറസ് ബാധിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ഒന്നു മുതല്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍തന്നെ രോഗലക്ഷണങ്ങള്‍ മാറാം. എന്നാല്‍, അതു കഴിഞ്ഞുള്ള രണ്ടു ദിവസങ്ങള്‍ വരെ രോഗിയില്‍നിന്ന് വൈറസ് പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
വൈറസ് ബാധിതര്‍ വീട്ടിലിരിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കണം.ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ചികിത്സ ലഭ്യമാണ്. രോഗികള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
നായ്, പന്നി, പൂച്ച തുടങ്ങിയ മൃഗങ്ങളിലും രോഗം ബാധിക്കുകയും പകരുകയും ചെയ്യും. മാരകമായ വൈറസല്ല ഇതെങ്കിലും കോളജുകളിലും ഹോസ്റ്റലുകളിലും ആവശ്യമായ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രോഗം വരാതിരിക്കാനും പകരാതിരിക്കാനും ആവശ്യമായ സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സര്‍വകലാശാല ഡീന്‍ ഡോ. കോശി ജോണ്‍ പറഞ്ഞു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നിരവധി വിദ്യാര്‍ഥികള്‍ക്ക് വയറിളക്കവും ഛര്‍ദിയും മറ്റു ദേഹാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടതോടെ സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളും ഹോസ്റ്റലുകളും പത്തു ദിവസത്തിലധികം അടച്ചിട്ടിരുന്നു. കോളജുകള്‍ തുറന്നതിനു ശേഷവും നാല്‍പതോളം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും രോഗം ബാധിച്ചു. തുടര്‍ന്ന് ഇവരുടെ സാമ്ബിളുകള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്.