കോവിഡ് മാനദണ്ഡ ലംഘനം നടത്തിയാൽ നടപടി സ്വീകരിക്കും – ജില്ലാ കളക്ടർ
കോവിഡ് മാനദണ്ഡ ലംഘനം നടത്തിയാൽ നടപടി സ്വീകരിക്കും – ജില്ലാ കളക്ടർ
കൽപ്പറ്റ: ജില്ലയിൽ കോവിഡ് മാനദണ്ഡ ലംഘനം നടത്തുന്ന വ്യക്തികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്കെതിരെ ദുരന്ത നിവാരണത്തിലെ നിയമങ്ങൾ പ്രകാരം ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വിവിധ പ്രദേശങ്ങളിൽ ആളുകൾ കൂട്ടം ചേർന്നിരിക്കുന്നതും, ചടങ്ങുകളിലും, കടകളിലും, മറ്റ് സ്ഥാപനങ്ങളിലും യാതൊരു വിധത്തിലുമുള്ള കോവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ലാത്തതും ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി. കോവിഡ് വ്യാപനത്തിൽ കുറവുണ്ടെങ്കിലും രോഗത്തിൽ നിന്നും ജില്ല ഇതുവരെ മുക്തമായിട്ടില്ല.
*വിദ്യാഭ്യസ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം*
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വിദ്യാലയങ്ങളിൽ സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. സ്കൂളുകളിൽ കോവിഡ് രോഗ വ്യാപനം തടയുന്നതിനായി കോവിഡ് രോഗികളുള്ള വീടുകളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മറ്റ് ജീവനക്കാർ എന്നിവരെ സ്കൂളുകളിൽ പ്രവേശിപ്പിക്കരുതെന്നും വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.