വയനാട്ടിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കൾ റിമാൻഡിൽ
1 min readവയനാട്ടിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കൾ റിമാൻഡിൽ
ബത്തേരി : വയനാട്ടിൽ രണ്ട് മാവോയിസ്റ്റു നേതാക്കൾ അറസ്റ്റിൽ. ബി.ജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച രാവിലെ സുൽത്താൻ ബത്തേരിയിൽ വെച്ചായിരുന്നു അറസ്റ്റ്. കമ്പമല സ്വദേശിയായ ഒരാളെയും പൊലീസ് കണ്ണൂരിൽ വെച്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തലശേരി കോടതിയിൽ ഹാജരാക്കിയ ഇവരെ ഒരുമാസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ഉടൻ തന്നെ കണ്ണൂർ ജില്ലാ ജയിലേയ്ക്ക് മാറ്റും.
അറസ്റ്റിലായ കർണാടക സ്വദേശി ഡി.ജി കൃഷ്ണമൂർത്തി പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവും കബനിദളം അംഗവുമാണ് . കർണാടക- തമിഴ്നാട്- കേരള പൊലിസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുപ്പു ദേവരാജിന്റെ മരണശേഷമാണ് ബി.ജി കൃഷ്ണ മൂർത്തി പശ്ചിമഘട്ട സോണൽ നേതൃത്വം ഏറ്റെടുത്തത്.
കമ്പമല സ്വദേശി ടാക്സി ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു വിട്ടയച്ചു. കമ്പമല, മക്കിമല ഭാഗങ്ങൾ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖലകളാണ്. കഴിഞ്ഞ ദിവസം കബനി ദളത്തിലെ ഡെപ്യൂട്ടി കമാന്റർ ആയിരുന്ന രാമു എന്ന ലിജേഷ് ജില്ലാ പൊലിസ് മേധാവിക്ക് മുമ്പിൽ കീഴടങ്ങിയിരുന്നു. ആയുധ പരിശീലനങ്ങളടക്കം ലഭിച്ചിരുന്നുവെന്നാണ് ലിജേഷ് മൊഴി നൽകിയത്. കമ്പമല സ്വദേശി കസ്റ്റഡിയിലായതിലും പശ്ചിമഘട്ട സോണൽ സെക്രട്ടറിയായ ബി.ജി കൃഷ്ണമൂർത്തിയും സാവിത്രിയും അറസ്റ്റിലായതിന് പിന്നിൽ ലിജേഷിന്റെ വെളിപ്പെടുത്തലാണെന്നാണ് സൂചന.