September 21, 2024

യാത്രാ നിയന്ത്രണം 30 വരെ നീട്ടി കർണാടക; വയനാട് അതിർത്തിയിൽ കുടുങ്ങി വ്യാപാരികളും വിദ്യാര്‍ഥികളും

1 min read
Share

യാത്രാ നിയന്ത്രണം 30 വരെ നീട്ടി കർണാടക; വയനാട് അതിർത്തിയിൽ കുടുങ്ങി വ്യാപാരികളും വിദ്യാര്‍ഥികളും

മാനന്തവാടി: കേരളത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ മലയാളികള്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം നീട്ടി. രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ കേരള അതിര്‍ത്തിയില്‍നിന്ന് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ഈ നിബന്ധനയാണ് ഒക്ടോബര്‍ 30 വരെ നീട്ടിയിരിക്കുന്നത്. ഇതോടെ നിത്യേന യാത്രചെയ്യുന്ന വ്യാപാരികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ഏറെ വലയുന്നത്.

കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന മാനന്തവാടി ബാവലി വഴിയുള്ള ഏക കെ.എസ്.ആര്‍.ടി.സി ബസിന് മാത്രമാണ് നേരിയ ഇളവ് നല്‍കിയത്. ബാവലി – മൈസൂര്‍, തോല്‍പ്പെട്ടി – കുട്ട കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ എല്ലാം നിലച്ചിട്ട് മാസങ്ങളായി.

കേരളത്തില്‍ രോഗികള്‍ കുറഞ്ഞിട്ടും കര്‍ണാടകയുടെ കടുംപിടിത്തത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കോവിഡ് ഒതുങ്ങിയതോടെ ബംഗളൂരുവിലെ ചില കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം അവസാനിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ നാട്ടിലായ ജീവനക്കാര്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ പാടുപെടുകയാണ്. ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന കാരണം കര്‍ണാടകയില്‍ കൃഷിചെയ്യുന്ന മലയാളികളായ നൂറുകണക്കിന് കര്‍ഷകരും ദുരിതത്തിലാണ്. അധികൃതരുടെ കടുംപിടിത്തം കാരണം കൃഷിയിടങ്ങളില്‍ പോയിവരാന്‍ ഇവര്‍ പ്രയാസപ്പെടുകയാണ്.

അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ ചില ഉദ്യോഗസ്ഥര്‍ നിര്‍ബന്ധപൂര്‍വം കൈക്കൂലി ആവശ്യപ്പെടുന്നതും ഇവരെ വലയ്ക്കുന്നു. അതേസമയം, നവംബര്‍ ഒന്നുമുതല്‍ കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ണാടക ആര്‍.ടി.പി.സി.ആര്‍ നിബന്ധന ഒഴിവാക്കുമെന്ന സൂചനയുണ്ട്. തമിഴ്നാട് നീലഗിരി ജില്ലയിലേക്ക് കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഇ – പാസ് കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. നിലവില്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാന്‍ മറ്റു രേഖകള്‍ ആവശ്യമില്ല.രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.