തിരുനെല്ലി പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം – എ.ഐ.വൈ.എഫ്
തിരുനെല്ലി പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം – എ.ഐ.വൈ.എഫ്
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. കർഷകരുടെ കൃഷിയിടങ്ങളിൽ നിരന്തരം വന്യമൃഗങ്ങൾ നാശം വിതയ്ക്കുകയാണ്. ബാങ്കുകളിൽനിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണ് ബഹുഭൂരിപക്ഷം വരുന്ന ദരിദ്ര കർഷകരും തങ്ങളുടെ കൃഷിയിടങ്ങളിൽ കൃഷിയിറക്കുന്നത്.
ഈ കൃഷിയിടങ്ങളിൽ ആണ് വന്യമൃഗങ്ങൾ ഒറ്റരാത്രികൊണ്ട് കർഷകന്റെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും മുറിവേൽപ്പിക്കുന്നത്. നാശം സംഭവിക്കുന്ന കൃഷിക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് കർഷകന് ലഭിക്കുന്നത്. ഫലപ്രദമായ രീതിയിൽ ഫെൻസിങ് ഏർപ്പെടുത്തി കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിന് വനം വകുപ്പ് അധികാരികൾ തയ്യാറാവണം. വനം വകുപ്പ് മന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയിൽ ഈ വിഷയങ്ങൾ ഉണ്ടെങ്കിലും കർഷകരുടെ പ്രശ്നങ്ങൾ ഗൗരവമായി കാണാൻ അധികാരികൾ തയ്യാറാകുന്നില്ല. തിരുനെല്ലിയിലെ ബഹുഭൂരിപക്ഷം വരുന്ന ചെറുകിട ഇടത്തരം കർഷകർ നേരിടുന്ന വന്യമൃഗശല്യം തടയുന്നതിനാവശ്യമായ നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് എ.ഐ.വൈ.എഫ് തിരുനെല്ലി മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ലെനിൻ സ്റ്റാന്റ്സ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി നിഖിൽ പദ്മനാഭൻ, താലൂക്ക് പ്രസിഡന്റ് സജീവൻ , സി.പി ഐ മണ്ഡലം കമ്മിറ്റി അംഗം വി.വി. ആന്റണി, തിരുനെല്ലി ലോക്കൽ സെക്രട്ടറി സി.എൻ. കൃഷ്ണൻകുട്ടി, പഞ്ചായത്ത് മെമ്പർ രജനി എന്നിവർ അഭിവാദ്യങ്ങൾ നേർന്നു സംസാരിച്ചു.
എ.ഐ.വൈ.എഫ് തിരുനെല്ലി മേഖല ഭാരവാഹികളെയായി. സെക്രട്ടറി കെ.ആർ. രതീഷ്, പ്രസിഡന്റ് മിഥുൻ എൻ.പി, വൈസ് പ്രസിഡന്റ്‌മാരായി രജനി, അഭിഷേക്, ജോയിൻ സെക്രട്ടറിമാരായി രാഹുകൃഷ്ണൻ, സജേഷ് എന്നിവരെ തെരഞ്ഞെടുത്തു.