September 9, 2024

പ്രളയപുനരധിവാസത്തിന്റെ ഭാഗമായി കാര്യമ്പാടി അരിമുളയിൽ
പീപ്പിള്‍സ് വില്ലേജ് ഒരുക്കിയ ആറു വീടുകൾ കൈമാറി

1 min read
Share

പ്രളയപുനരധിവാസത്തിന്റെ ഭാഗമായി കാര്യമ്പാടി അരിമുളയിൽ
പീപ്പിള്‍സ് വില്ലേജ് ഒരുക്കിയ ആറു വീടുകൾ കൈമാറി

കാര്യമ്പാടി: പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ച മീനങ്ങാടി പീപ്പിള്‍സ് വില്ലേജ് കുടുംബങ്ങള്‍ക്ക് കൈമാറി. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ആറ് കുടുംബങ്ങള്‍ക്ക് പൂതാടി പഞ്ചായത്തിലെ അരിമുളയിലാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ വീടൊരുക്കിയത്.

അരിമുള വാണാറമ്പത്ത് കുന്നില്‍ സാമൂഹ്യ പ്രവര്‍ത്തക മണിക്കുട്ടി എസ്.പിള്ളയാണ് വീടുകള്‍ക്കായി 45 സെന്റ് സ്ഥലം നല്‍കിയത്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ പീപ്പിള്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്തു. സന്തുഷ്ട കുടുംബമാണ് മനുഷ്യന്റെ ഏറ്റവും വലിയ നേട്ടമെന്ന് എം.എല്‍.എ പറഞ്ഞു. അതിന് സ്വന്തമായി ഒരു പാര്‍പ്പിടം അനിവാര്യ ഘടകമാണ്. മനുഷ്യന്റെ ഹൃദയത്തിലുള്ള ആഗ്രഹത്തെ തൊട്ടറിഞ്ഞ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഈ നന്മകള്‍ ചെയ്യുന്നു. ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കുക എന്ന നബി വചനമാണ് ഇവിടെ അന്വര്‍ത്ഥമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജാതി – മത ചിന്തകള്‍ക്കതീതമായി സ്‌നേഹവും സാഹോദര്യവും ഉയര്‍ത്തി പിടിക്കാനാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ. മുഹമ്മദലി പറഞ്ഞു. തിന്മയെ നന്മ കൊണ്ട് ഇല്ലാതാക്കാനാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ശ്രമിക്കുന്നതെന്ന് മണി എസ്. പിള്ള പറഞ്ഞു. എവിടെ മനുഷ്യനുണ്ടോ അവിടെ ദൈവമുണ്ട്, ദൈവത്തെ മറക്കാതിരിക്കാന്‍ ഓരോ മനുഷ്യനും ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു. ജീവിതത്തില്‍ നിര്‍ഭയത്വവും വിശപ്പില്ലായ്മയുമാണ് അത്യാവശ്യമെന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍പെര്‍സന്‍ സഫിയ അലി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ബിന്ദു, പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എസ്. പ്രഭാകരന്‍, വാര്‍ഡ് മെമ്പര്‍ മിനി സുരേന്ദ്രന്‍, ജമാഅത്തെ ഇസ്ലാമി വയനാട് ജില്ല പ്രസിഡണ്ട് ടി.പി. യൂനസ്, സെക്രട്ടറി ജലീല്‍ കണിയാമ്പറ്റ, പുനരധിവാസ സമിതി കണ്‍വീനര്‍ നവാസ് പൈങ്ങോട്ടായി എന്നിവര്‍ സംസാരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം.അബ്ദുള്‍ മജീദ് സ്വാഗതവും സി.കെ. സമീര്‍ നന്ദിയും പറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.