പച്ചിലക്കാട് – മീനങ്ങാടി റോഡിൽ അപകടങ്ങൾ തുടർക്കഥ ; അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് നാട്ടുകാർ
1 min readകണിയാമ്പറ്റ : പച്ചിലക്കാട് – മീനങ്ങാടി റോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാവുന്നു. ഇന്നലെ കരണിയിൽ ദോസ്ത് ചരക്കു വാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ച് ദേസ്ത് തലകീഴാഴി മറിഞ്ഞു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. മീനങ്ങാടിയിൽ നിന്നും പനമരത്തേക്ക് വരികയായിരുന്ന കാറും പനമരം ഭാഗത്ത് നിന്ന് മീനങ്ങാടിയിലേക്ക് പാമോയിൽ കയറ്റി വന്ന ദോസ്തുമാണ് അപകടത്തിൽപ്പെട്ടത്. കരണി ജുമാ മസ്ജിദിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകരുകയും ചരക്കു വാഹനം തല കീഴായി മറിയുകയുമായിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അതേസമയം മീനങ്ങാടി – പച്ചിലക്കാട് റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ശേഷം അപകട പരമ്പരയാണ്. എന്നിരുന്നാലും സൂചന ബോർഡ് പോലും ഒരുക്കാത്തത് നാട്ടുകാരിൽ പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്.
മീനങ്ങാടിയിൽ നിന്നും വരുമ്പോൾ
കരണി ടൗണിൻ്റെ ആരംഭത്തിൽ
ജുമാ മസ്ജിദിന് മുമ്പിലായും, പനമരം ഭാഗത്തു നിന്നും വരുമ്പോൾ പടാരിക്കുന്ന് റോഡിന് സമീപത്തും സീബ്രാ വരകളും, വാഹനങ്ങൾ ടൗണിലേക്ക് പ്രവേശിക്കുമ്പോൾ വേഗത കുറക്കാനുള്ള സംവിധാനവും യുദ്ധകാലടിസ്ഥാനത്തിൽ പ്രാവർത്തികമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
റോഡ് നവീകരിച്ചതിന് ശേഷം സ്കൂളുകൾ കാര്യമായി തുറന്നിട്ടില്ല. നവംബറിൽ അധ്യായനം തുടങ്ങുമ്പോൾ അപകടങ്ങൾ വർധിക്കാൻ ഇടയുണ്ട്. അതിനാൽ ബന്ധപ്പെട്ട അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.