പൂക്കോട് തടാകം ഇന്ന് മുതൽ തുറക്കും
പൂക്കോട് തടാകം ഇന്ന് മുതൽ തുറക്കും
വൈത്തിരി: മാസങ്ങളായി അടച്ചിട്ടിരുന്ന പൂക്കോട് തടാകം ഉപാധികളോടെ ഇന്ന് (വ്യാഴാഴ്ച ) സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. ഏപ്രില്‍ അവസാനത്തോടെയാണ് കോവിഡ് വ്യാപനം മുന്‍നിര്‍ത്തിയുള്ള ലോക്ഡൗണിനെ തുടര്‍ന്ന് തടാകം അടച്ചിട്ടത്.
ടെന്‍ഡര്‍ പൂര്‍ത്തീകരിച്ച തടാകത്തിലെ അറ്റകുറ്റപ്പണികളും ചളിയും പായല്‍ വാരലും ഈ കാലയളവില്‍ തുടങ്ങിയിരുന്നു. കോടിക്കണക്കിന് രൂപയുടെ വിപുലമായ പ്രവൃത്തികളാണ് തടാകത്തില്‍ നടക്കുന്നത്. ഇതില്‍ ചളിയും പായലും വാരല്‍ പ്രവൃത്തി കഴിഞ്ഞു.
തടാകത്തിന് ചുറ്റുമുള്ള റോഡ് പണി, സുരക്ഷാഭിത്തി തുടങ്ങി ഏതാനും പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. ഇതുമൂലം സന്ദര്‍ശകര്‍ക്ക് പല സ്ഥലങ്ങളിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. തടാകത്തിന് ചുറ്റുമുള്ള നടത്തവും സൈക്ലിങ്ങും ഇപ്പോള്‍ ഉണ്ടാവില്ല. ചളി വാരിയതുമൂലം വീതികൂടിയ സ്ഥലങ്ങളില്‍ സുരക്ഷാഭിത്തി നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടില്ല. ഈ ഭാഗങ്ങളില്‍ വടംകെട്ടി സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും.
വാക്സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം. കുട്ടികള്‍ക്ക് ആവശ്യമില്ലെങ്കിലും വാക്സിന്‍ എടുത്തതിന്റെ രേഖ കൂടെയുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തിലെ മുഴുവന്‍ ജീവനക്കാരും വാക്സിന്‍ എടുത്ത്, കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഡി.ടി.പി.സി സെക്രട്ടറി വി. മുഹമ്മദ് സലീം പറഞ്ഞു.
സുരക്ഷാ സജ്ജീകരണങ്ങളും ഏകദേശം പൂര്‍ത്തിയായതായി അദ്ദേഹം വ്യക്തമാക്കി. അടച്ചിട്ട തടാകത്തിനുപുറത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സഞ്ചാരികളാണെത്തിയത്. തടാകം തുറക്കുന്നതോടെ സഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് കരുതുന്നതെന്ന് പൂക്കോട് തടാകം മാനേജര്‍ രതീഷ് ബാബു പറഞ്ഞു.