ബീനാച്ചി – പനമരം റോഡിന്റെ ശോച്യാവസ്ഥയ്ക്ക് മാറ്റമില്ല; പ്രതിഷേധമായി റോഡിലെ കുഴികളടച്ച് തോമസിന്റെ ഒറ്റയാൾ സമരം
1 min readബീനാച്ചി – പനമരം റോഡിന്റെ ശോച്യാവസ്ഥയ്ക്ക് മാറ്റമില്ല; പ്രതിഷേധമായി റോഡിലെ കുഴികളടച്ച് തോമസിന്റെ ഒറ്റയാൾ സമരം
പനമരം: കുണ്ടും കുഴിയും
പൊടിയും നിറഞ്ഞ ബീനാച്ചി – പനമരം റോഡിൽ കുഴിയടച്ച് ഒറ്റയാൾ സമരം. മീനങ്ങാടി സി.സിയിലെ കുരുമ്പിക്കുളം തോമസ് (55) ആണ് അധികൃതർ അവഗണിച്ചതോടെ റോഡിലെ 300 മീറ്ററോളം വരുന്ന ഭാഗത്തെ കുഴികളച്ച് സഞ്ചാരയോഗ്യമാക്കി പ്രതിഷേധിച്ചത്.
ചൊവ്വാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെയാണ് തോമസ്
സി.സി മുതൽ സ്കൂൾ ജംങ്ഷൻ വരെയുള കുഴികളടച്ചത്. റോഡരികിലെ കല്ലും മണ്ണും ശേഖരിച്ചായിരുന്നു കുഴികളടച്ചത്.
2019 ൽ തുടങ്ങിയ ബീനാച്ചി – പനമരം റോഡുപണി ഇഴഞ്ഞുനീങ്ങുന്നത് മൂലം നാട്ടുകാർ ഏറെ ദുരിതത്തിലാണ്. വീടിന് മുന്നിലെ വളർന്ന് പൊങ്ങിയ കാടും, റോഡിലെ കുഴികളും അധികൃതർക്ക് കണ്ടില്ലെന്ന് നടിക്കാം. എന്നാൽ നാട്ടുകാരൻ എന്ന നിലയ്ക്ക് യാത്രികർക്ക് ഇത് വില്ലനാവുന്നത്
നോക്കി നിൽക്കാനാവില്ലെന്നാണ്
തോമസിൻ്റെ വിലയിരുത്തൽ.
പ്രതിഷേധവും പ്രകടനങ്ങളും, വാഗ്ദാനങ്ങളും ഏറെ കണ്ട് മടുത്ത നാട്ടുകാർക്കും തോമസിന്റെ സമരം പ്രചോതനമായി.
കഴിഞ്ഞ ആഴ്ച വീട്ടിൽ നിന്നും കുളിച്ച് മാറിയ വസ്ത്രവുമായി ടൗണിലേക്ക് വരുന്നതിനിടെ വാഹനം തെറിപ്പിച്ച ചെളിവെള്ളം വസ്ത്രത്തിലേക്ക് തെറിച്ച് വീട്ടിലേക്ക് തിരിച്ച് പോയതിൽ നിന്നാണ് തോമസിൻ്റെ ബീനാച്ചി – പനമരം റോഡിനോടുള്ള ഒറ്റയാൾ പോരാട്ടം
തുടങ്ങുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ തനിക്ക് ചെയ്യാൻ കഴിയുന്നത് എന്താണെന്ന ചിന്തയാണ് തന്നെ മാറ്റിയതെന്നാണ് തോമസ് പറയുന്നത്. ഇതിൻ്റെ ഭാഗമായാണ് പ്രതിഷേധമായും, കടമയായും, ഈ റോഡിനെ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിൽ ഒറ്റയാൾ പോരാട്ടമായി റോഡിലെ കുഴികൾ നികത്തുന്നതെന്ന് തോമസ് പറഞ്ഞു.
അതേസമയം മൂന്ന് വർഷം പിന്നിടുമ്പോഴും റോഡ് നിർമാണം പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്. ഇതോടെ പ്രതിഷേധങ്ങൾ വീണ്ടും വ്യാപകമാവുകയാണ്.