മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം ; വയനാട് സ്വദേശി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ
മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം ; വയനാട് സ്വദേശി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ
കോഴിക്കോട്: മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. സ്ഥാപനത്തിന്റെ മാനേജര്‍ വയനാട് മാനന്തവാടി സ്വദേശി പി.എസ് വിഷ്‌ണു (21), കസ്റ്റമറായി എത്തിയ മലപ്പുറം സ്വദേശി മെഹ്‌റൂഫ് (34) എന്നിവരെയാണ് മെഡി.കോളജ് പൊലീസ് റെയ്‌ഡ് നടത്തി അറസ്റ്റ് ചെയ്‌തത്. ഇവിടെയുണ്ടായിരുന്ന മൂന്ന് സ്‌ത്രീകളെ രക്ഷപെടുത്തി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
കോര്‍പറേഷന്റെ അനുമതിയില്ലാതെയാണ് കുതിരവട്ടത്ത് നാച്വറല്‍ വെല്‍നെസ് സ്‌പാ ആന്റ് ബ്യൂട്ടി ക്ലിനിക് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വയനാട് സ്വദേശി ക്രിസ്റ്റി, തൃശൂര്‍ സ്വദേശി ഫിലിപ്പ്, ആലുവ സ്വദേശി ജെയ്‌ക് ജോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം നേരത്തെ അധികൃതര്‍ അടപ്പിച്ചിരുന്നു.
ഓണ്‍ലൈനിലൂടെയാണ് ഇവര്‍ കസ്റ്റമര്‍മാരെ കണ്ടെത്തിയിരുന്നത്. ഓണ്‍ലൈനില്‍ മസാജ് സെന്ററുകള്‍ തിരയുന്നവരുടെ നമ്പറുകള്‍ ശേഖരിച്ച് ഫോണില്‍ തിരികെ വിളിക്കുന്നതായിരുന്നു രീതി. സംസ്ഥാനത്തിന്റെ പലയിടങ്ങളില്‍ നിന്ന് എത്തിക്കുന്ന സ്‌ത്രീകളെ ഉപയോഗിച്ച് ലൈംഗിക വൈകൃതങ്ങളായിരുന്നു നടത്തിയത്.
വൈദ്യപരിശോധനയ്‌ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി. അനുമതിയില്ലാതെ സ്ഥാപനം നടത്തിയതിന് ഉടമകള്‍ക്കെതിരെയും കേസെടുത്തു. മെഡി. കോളേജ് സിഐ ബെന്നി ലാലു, എസ്.ഐമാരായ വി.വി ദീപ്‌തി, കെ. സുരേഷ് കുമാര്‍, പി.കെ ജ്യോതി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടന്നത്.