ബത്തേരി അര്‍ബന്‍ ബാങ്ക് കോഴവിവാദം ; ഐസി ബാലകൃഷ്ണൻ എം.എൽ.എ പണം വാങ്ങിയതിന് തെളിവുണ്ടെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.വി ബാലചന്ദ്രൻ
ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതി കേസ് ; ഐസി ബാലകൃഷ്ണൻ എം.എൽ.എ പണം വാങ്ങിയതിന് തെളിവുണ്ടെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.വി ബാലചന്ദ്രൻ
ബത്തേരി : സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ വയനാട് ഡി.സി.സി പ്രസിഡന്റും എംഎല്‍എയുമായ ഐ.സി ബാലകൃഷ്ണനെതിരെ പടയൊരുക്കം.
സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതി കേസില്‍ എം.എല്‍.എയ്‌ക്കെതിരെ കെ.പി.സി.സി നടപടി എടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.വി ബാലചന്ദ്രനാണ് എം.എല്‍.എക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചത്. നടപടി ആവശ്യപ്പെട്ട് പി.വി ബാലചന്ദ്രന്‍ കെ.പി.സി.സിയ്ക്ക് പരാതി നല്‍കി.
ഐ.സി ബാലകൃഷ്ണന്‍ പണം വാങ്ങിയതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്നും പി.വി ബാലചന്ദ്രന്‍ വ്യക്തമാക്കുന്നു. വയനാട്ടിലെ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറിക്ക് വഴിയൊരുക്കുകയാണ് പി.വി ബാലചന്ദ്രന്റെ നിലപാട്. ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനങ്ങളില്‍ വയനാട് ഡി.സി.സി പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണമാണ് ജില്ലയിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്.
കോണ്‍ഗ്രസ് ജില്ലാ നേതാക്കളുള്‍പ്പെടെയുള്ളവരുടെ പരാതി. പരാതിയില്‍ കെ.പി.സി.സി അന്വേഷണ സമിതിയെ നിയോഗിക്കുയും ചെയ്തിരുന്നു.
എന്നാല്‍, അന്വേഷണ കമ്മീഷനെ നിയോഗിച്ചപ്പോള്‍ പോലും സ്വന്തക്കാരെ നിയോഗിച്ച് അനുകൂലമായ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ശ്രമിച്ചു എന്നുള്‍പ്പെടെയാണ് കെ.പി.സി.സിക്ക് നല്‍കിയ പരാതിയില്‍ പി.വി ബാലചന്ദ്രന്‍ ആരോപിക്കുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആരോപണം അന്വേഷിക്കാന്‍ വില്ലേജ് അസിസ്റ്റന്റിനെ നിയോഗിച്ച പോലെയായിരുന്നു ഈ നടപടി. ഇത് മനസിലാക്കിയാണ് കെ.പി.സി.സി രണ്ട് മുതിര്‍ന്ന നേതാക്കളെ വിഷയം പരിശോധിക്കാന്‍ നിയോഗിച്ചത്.
എന്നാല്‍ ഈ കമ്മീഷനെ നിയോഗിച്ച അന്ന് തന്നെ എം.എല്‍.എ നിയോഗിച്ച കമ്മീഷന്‍ അവരുടെതായ ഒരു റിപ്പോര്‍ട്ട് കൊടുത്തത് പാര്‍ട്ടി വിരുദ്ധമാണ്. ഈ വിഷയത്തില്‍ നടപടി വേണം. പ്രസ്തുത റിപ്പോര്‍ട്ട് സംബന്ധിച്ച പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വി.വി ബാലചന്ദ്രന്‍ വ്യക്തമാക്കുന്നു.