ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് മദ്യവിൽപന ; യുവാവ്
എക്സൈസ് പിടിയിൽ
മാനന്തവാടി : രഹസ്യവിവരത്തിനെ തുടർന്ന് മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ജി രാധാകൃഷണനും പാർട്ടിയും തോൽപ്പെട്ടി നരിക്കൽ ഭാഗത്ത് നടത്തിയ റെയിഡിൽ ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് മദ്യവിൽപന നടത്തിയ യുവാവിനെ
പിടികൂടി. തോൽപ്പെട്ടി നരിക്കൽ സൂര്യനിവാസിൽ സജിത്ത് പ്രസാദ് ( 38 ) ആണ് പിടിയിലായത്.
ഇയാളുടെ വീട്ടിൽ നിന്നും രണ്ട് പെട്ടികളിലായി വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച 180 മില്ലി ലിറ്ററിന്റെ 96 ടെട്രാ പായ്ക്കറ്റുകളിലായി 17.280 മില്ലി ലിറ്റർ കർണ്ണാടക നിർമ്മിത വിദേശമദ്യം പിടികൂടി. കർണ്ണാടകയിൽ നിന്നും ഫോറസ്റ്റിലൂടെ തലച്ചുമടായ് ആദിവാസികളെ ഉപയോഗിച്ചും മറ്റും കർണ്ണാടക മദ്യം ശേഖരിച്ചു വെച്ച് ആദിവാസി കോളനികളിലും മറ്റു ആവശ്യക്കാർക്കും വലിയ തോതിൽ വിൽപന നടത്തുന്നയാളാണ് അറസ്റ്റിലായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി പരാതികളുടെ അടിസ്ഥാനത്തിൽ എക്സൈസുകാരുടെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ്ജയിലിൽ റിമാന്റിൽ പാർപ്പിച്ചു.
പ്രിവന്റീവ് ഓഫീസർ സുരേഷ് വെങ്ങാലികുന്നേൽ, എം.സി.ചന്ദ്രൻ, സിവിൽ എക്സെസ് ഓഫീസർ അജേഷ് വിജയൻ , വനിത സിവിൽ എക്സെസ് ഓഫീസർ കെ. ഇ ഷൈനി, ഡ്രൈവർ വി.അബ്ദുറഹിം എന്നിവരും പരിശോധനയിൽ പങ്കെടുത്തു.