October 13, 2024

പാലിന് മതിയായ വില ലഭിക്കുന്നില്ല; ജില്ലയിലെ ക്ഷീര കർഷകർ ദുരിതത്തിൽ

Share

പാലിന് മതിയായ വില ലഭിക്കുന്നില്ല; ജില്ലയിലെ ക്ഷീര കർഷകർ ദുരിതത്തിൽ

കൽപ്പറ്റ: കാലിത്തീറ്റക്ക്‌ വന്‍ വില വര്‍ധനവ്‌ ഉണ്ടായിട്ടും പാലിന്‌ മതിയായ വില ലഭിക്കാതെ ക്ഷീര കര്‍ഷകര്‍ ദുരിതത്തില്‍. ഒരു കിലോ കടല പിണ്ണാക്കിന്‌ 63 രൂപയാണ്‌ ചില്ലറ വില്‍പന വില. ഒരു കിലോ കാലിതീറ്റക്ക്‌ മില്‍മ ഉള്‍പ്പടെയുള്ള കമ്പനികള്‍ ശരാശരി 28, 30 രൂപ വരെയാണ്‌ വില.

കര്‍ണാടകയില്‍ നിന്നും ലഭിക്കുന്ന ചോളപ്പൊടിക്കും സമാനമായ വിലയാണുള്ളത്‌. 10 ലിറ്റര്‍ പാലളക്കുന്ന ഒരു പശുവിന്‌ ഒരു ദിവസം ഓരോ കിലോ വീതം കടലപിണ്ണാക്കും, കാലിത്തീറ്റയും കുടാതെ കര്‍ണാടകയില്‍ നിന്നും കൊണ്ടുവരുന്ന ചോളപ്പൊടി രണ്ടര കിലോയെങ്കിലും നല്‍കണമെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌.

10 ലിറ്റര്‍ പാല്‍ ക്ഷീര സഹകരണ സംഘത്തില്‍ നല്‍കുന്ന കര്‍ഷകന്‌ കിട്ടുന്ന പരമാവധി വില 350 രൂപ മുതല്‍ 370 രൂപ വരെയാണ്‌. എന്നാല്‍ ഇവരിത്‌ മറിച്ചു വില്‍ക്കുന്നത്‌ ലിറ്ററിന്‌ 46 രൂപ തോതിലാണ്‌. വിപണിയില്‍ നിന്നുള്ള കാലിത്തീറ്റ ഇനങ്ങള്‍ക്കു മാത്രം ദിനംപ്രതി 160, 170 രൂപയാണ്‌ ഈ കര്‍ഷകന്‍ ചില വഴിക്കുന്നത്‌.

ഇങ്ങനെ നോക്കുമ്പോള്‍ കര്‍ഷകന്റെ അധ്വാനത്തിന്‌ മതിയായ പ്രതിഫലം ലഭിക്കുന്നില്ല. കോറോണ കാലത്ത്‌ മറ്റു തൊഴില്‍ മേഖലകളില്‍ അവസരങ്ങള്‍ നഷ്‌ടപ്പെട്ടവരും, വിദേശത്തു നിന്ന്‌ വന്നവരുമെല്ലാം തന്നെ ഏറ്റവുമധികം ആശ്രയിച്ചതും ക്ഷീരോല്‍പ്പാദന മേഖലയെയാണ്‌. എന്നാല്‍ ഈ മേഖലയിലും സാധാരണക്കാരന്‌ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്‌.

മുന്‍ കാലങ്ങളില്‍ ചാണകമുള്‍പ്പടെ ജൈവ വളം വിറ്റു ലഭിക്കുന്ന വിലയും, ക്ഷീരമേഖലയ്‌ക്ക് മുതല്‍ കൂട്ടായിരുന്നു. എന്നാലിന്ന്‌ വയനാട്ടിലെ മിക്ക കൃഷിയിടങ്ങളിലും കാട്ടുപന്നികളുടെ ശല്യം സാധാരണമായതോടെ കൃഷിയില്‍ ജൈവ വള പ്രയോഗം കുറഞ്ഞു. ഇപ്പോള്‍ ചാണകത്തിന്‌ ആവശ്യക്കാര്‍ കുറവാണെന്ന്‌ കര്‍ഷകര്‍ പറയുന്നുണ്ട്‌.

ഇത്തരം പ്രതിസന്ധികള്‍ക്കു നടുവില്‍ ദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ കാലിത്തീറ്റ വിപണിയിലെങ്കിലും ഇടപെടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ്‌ ക്ഷീര കര്‍ഷകരുടെ ആവശ്യം. സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ ലഭ്യമാക്കാന്‍ നടപടി വേണമെന്നും ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെടുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.