സ്വന്തം വീട്ടിലും രക്ഷയില്ല; കാട്ടിക്കുളത്ത് വീട്ടിനടുത്തേക്ക് പാഞ്ഞടുത്ത് കാട്ടു കൊമ്പൻ , അപകടം ഒഴിവായത് തലനാരിഴയ്ക്ക്
1 min readസ്വന്തം വീട്ടിലും രക്ഷയില്ല; കാട്ടിക്കുളത്ത് വീട്ടിനടുത്തേക്ക് പാഞ്ഞടുത്ത് കാട്ടു കൊമ്പൻ , അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കാട്ടിക്കുളം: വന്യമൃഗശല്യം രൂക്ഷമായ കാട്ടിക്കുളത്ത് സ്വന്തം വീടുകളിലും ജനങ്ങൾക്ക് രക്ഷയില്ല. വീട്ടിനടുത്തേക്ക് കാട്ടു കൊമ്പൻ പാഞ്ഞടുത്തത് ഭീതി പരത്തി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.
ഇന്നലെ രാവിലെയാണ് സംഭവം.
കാട്ടിക്കുളം രണ്ടാംഗേറ്റ് കൂനംകണ്ടിയിൽ പുഷ്പന്റെ വീടിനുനേരെ കാട്ടുകൊമ്പൻ പാഞ്ഞടുക്കുകയായിരുന്നു. ആന വരുന്നത്‌കണ്ട് വീട്ടുകാർ ബഹളംവെച്ചതിനെ തുടർന്നാണ് പ്രദേശവാസികൾ വിവരമറിഞ്ഞത്. തുടർന്ന് ആന വഴിമാറിപ്പോയതോടെയാണ് വലിയ അപകടം ഒഴിവായത്. രാവിലെ പണിക്കു പോവുകയായിരുന്ന ചേലൂർ സ്വദേശികളായ ജോയി വട്ടപ്പാറ, ബേബി മാത്യു മുകൾവിളയിൽ എന്നിവരും ഇതേ ആനയുടെ മുന്നിൽപ്പെട്ട് ഓടിരക്ഷപ്പെട്ടു.
റോഡിലൂടെ പോകുന്നതിനിടെ ആന അപ്രതീക്ഷിതമായി ഇറങ്ങിവരുകയാണുണ്ടായതെന്നും ഓടി സമീപത്തെ വീട്ടിൽ അഭയംതേടുകയാണ് ചെയ്തതെന്നും ബേബി മാത്യു പറഞ്ഞു. ഇതിനുമുമ്പും ആനയുടെ മുന്നിൽനിന്ന് ഓടിരക്ഷപ്പെട്ടിട്ടുണ്ടെന്ന് ബേബി മാത്യു പറഞ്ഞു. കാട്ടിക്കുളം, രണ്ടാംഗേറ്റ്, ചേലൂർ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്.
നേരമിരുട്ടിയാൽ കാട്ടാനകൾ പിന്നെ നാട്ടിലാണ്. ഫെൻസിങ്, ട്രഞ്ച് എന്നിവയുണ്ടെങ്കിലും കാട്ടാനകൾ നാട്ടിലെത്തുന്നതിന് കുറവില്ല. ഫെൻസിങ്ങിന്റെ തൂണുകൾ ചവിട്ടിയൊടിച്ചും ട്രഞ്ച് ഇടിച്ചിട്ടും കാട്ടാനകൾ ജനവാസ കേന്ദ്രത്തിലെത്തുകയാണ്.
നേരം ഇരുട്ടിയാൽ ജനവാസകേന്ദ്രത്തിൽ എത്തുന്ന ആനകൾ രാവിലെ ആയാലും വനത്തിലേക്ക് തിരികെ പോകാറില്ല. സന്ധ്യ കഴിഞ്ഞാൽ പിന്നെ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഇപ്പോൾ രാവിലെയും പുറത്തിറങ്ങാൻ ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു. പലപ്പോഴും രാവിലെ എട്ടുമണിയൊക്കെ കഴിഞ്ഞാണ് ആനകൾ തിരികെ വനത്തിലേക്ക് മടങ്ങുന്നത്.
ഇതുകാരണം തോട്ടംതൊഴിലാളികൾ, പാലുമായി പോകുന്നവർ, ജോലിക്കു പോകുന്നവർ എന്നിവർ ഭീതിയോടെയാണ് യാത്രചെയ്യുന്നത്. ഏതു സമയത്തും ആനയുടെ മുന്നിൽപ്പെടാമെന്ന അവസ്ഥയിലാണ്. പണിക്കുപോകുന്നവരും മറ്റും ആനയുടെ മുന്നിൽനിന്ന് ഓടിരക്ഷപ്പെട്ട സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. തലനാരിഴയ്ക്കാണ് പലപ്പോഴും വലിയ ദുരന്തം ഒഴിവാകുന്നത്. ഇരുചക്രവാഹനങ്ങളിലുള്ള യാത്രയും പ്രയാസമാണ്. കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് തടയാൻ ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.