കൊട്ടിയൂര്‍ പീഡനം; ഇരയുടെയും പ്രതിയുടെയും ആവശ്യം തള്ളി സുപ്രീം കോടതി, റോബിൻ വടക്കും ചേരിക്ക് ജാമ്യവും നിഷേധിച്ചു
കൊട്ടിയൂര്‍ പീഡന കേസിലെ കുറ്റവാളിയുടെയും ഇരയുടെയും ആവശ്യം സുപ്രിംകോടതി തള്ളി. പ്രതിയായ റോബിന്‍ വടക്കുംചേരിക്ക് ജാമ്യവും നിഷേധിച്ചു. ഹരജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രിംകോടതി ഇരുവര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 20 വര്‍ഷം കഠിനതടവ് ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുകയാണ് റോബിന്‍ വടക്കുംചേരി.
തലശ്ശേരി പോക്‌സോ കോടതിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. വിവാഹം കഴിക്കാന്‍ ജാമ്യം എന്ന ആവശ്യവുമായാണ് ഇരയായ പെണ്‍കുട്ടിയും പ്രതിയായ മുന്‍ വൈദികനും ഹരജി സമര്‍പ്പിച്ചത്. വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണം, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് പെണ്‍കുട്ടിയും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിവികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിന്‍ വടക്കുംചേരി അറസ്റ്റിലായത്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റി. വിവരം പുറത്തറിയാതിരിക്കാന്‍ വൈദികന്‍ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.